തബ്‌ലീഗ് ജമാഅത്ത്

ദഅ്‌വത്തിൻ്റെ 100 വർഷങ്ങൾ – ഉമ്മത്തിൻ്റെ പുനരുജ്ജീവനം

പരമകാരുണികനും കരുണാമയനുമായ അല്ലാഹുവിൻ്റെ നാമത്തിൽ.

തബ്‌ലീഗ് ജമാഅത്തിൻ്റെ സമഗ്രമായ ചരിത്രം അതിൻ്റെ എളിയ തുടക്കം മുതൽ, വ്യാപനം, സംരക്ഷണം എന്നിങ്ങനെ പ്രാമാണീകമായി വിശദീകരിക്കപ്പെടുന്ന ഒരു വെബ്സൈറ്റാണ് ഇത്. പ്രാമാണിക സ്രോതസ്സുകളിൽ നിന്നുള്ള പൂർണ്ണ അവലംബങ്ങളാണ് ഇതിലുള്ളത്. ലോകാടിസ്ഥാനത്തിൽ ഏകദേശം 100 ദശലക്ഷത്തോളം അനുയായികളുള്ള ഏറ്റവും വലിയ ദീനീപരിശ്രമത്തിനെ അനൗപചാരികമായി തബ്ലീഗി ജമാഅത്ത് എന്ന് അറിയപ്പെടുന്നു. (അല്ലെങ്കിൽ തബ്‌ലീഗി ജമാത്ത് / തബ്‌ലീഗ് ജമാത്ത് / തബ്ലീഖ് ജമാഅത്ത് / തബ്ലീഗി ജമാഅത്ത് / തബ്ലീഗ് ജമാഅത്ത് എന്നും പറയപ്പെടുന്നു). മുസ്ലിമീങ്ങളുടെ ഇടയിലെ ഇസ്ലാമിക വിശ്വാസത്തെ (ഈമാൻ) പുനരുജ്ജീവിപ്പിക്കുന്നതിലും നബിതങ്ങൾ (സ്വ) യുടെ തിരുസുന്നത്തിലേക്ക് മടങ്ങുന്നതിലും ഈ പ്രവർത്തനം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

1926 നവംബറിലാണ് തബ്‌ലീഗി ജമാഅത്ത് ആരംഭിച്ചത് (ജുമാദൽ-അവ്വൽ 1345). 2023 നവംബറിൽ (ജുമാദൽ-അവ്വൽ 1445), ഇസ്ലാമിക കലണ്ടർ പ്രകാരം തബ്ലീഗി ജമാഅത്ത് 100 വയസ്സ് തികഞ്ഞു.

ശ്രദ്ധിക്കുക: 2014-ലെ തബ്‌ലീഗി ജമാഅത്ത് പിളർപ്പ് പ്രതിസന്ധിയെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർക്ക്, ഇനിപ്പറയുന്ന ലേഖനം വായിക്കുക: തബ്‌ലീഗ് ജമാഅത്ത് പിളർന്നതിൻ്റെ മൂന്നു കാരണങ്ങളും അത് എങ്ങനെ പരിഹരിക്കപ്പെട്ടു.

തബ്‌ലീഗ് ജമാഅത്ത്:
സംഭവങ്ങളുടെ കാലക്രമം

ഈ കാലക്രമം ആധികാരിക സ്രോതസ്സുകളിൽ നിന്ന് എടുത്തതാണ്. മൗലാന അബ്ദുറഹ്മാൻ സിറെബോൺ എഴുതിയ ” ഇന്തോനേഷ്യയുടെ സമാഹാരങ്ങൾ. ” മൗലാനാ ഇനാമുൽ ഹസൻ്റെ ഖാദിമും അടുത്ത വിശ്വസ്തനുമായിരുന്നു മൗലാനാ അബ്ദുറഹ്മാൻ. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം ജനസംഖ്യയുള്ള രാജ്യമായ ഇന്തോനേഷ്യയിലെ ഷൂറയിൽ (കൂടിയാലോചനാ സമിതി) ഒരാളാണ്.

1886മൗലാന ഇല്യാസ് കന്ധലവി ബിൻ മൗലാന മുഹമ്മദ് ഇസ്മായിൽ (റഹ്) ഇന്ത്യയിലെ ഉത്തരപ്രദേശ് (യൂ.പി) മുസാഫർ നഗറിലെ കാന്ധലയിൽ ജനിച്ചു.

Source: Sawanih Hadrathji Tsalits, I/14

വളരെ ഭയഭക്തിയുള്ള കുടുംബത്തിൽ നിന്നാണ് മൗലാന ഇല്യാസ് (റഹ്) വന്നത്. മൗലാന ഇല്യാസ് (റഹ്) യുടെ പിതാവ് മൗലാന മുഹമ്മദ് ഇസ്മായിൽ (റഹ്) ദാഹിച്ചു വരുന്ന തൊഴിലാളികൾക്ക് വെള്ളം നൽകാൻ തെരുവിൽ കാത്തു നിന്നിരുന്നു. തനിക്ക് സേവനം ചെയ്യാൻ അവസരം നൽകിയതിന് അല്ലാഹുവിന് നന്ദി പറഞ്ഞുകൊണ്ട് അദ്ദേഹം ഷുക്ക്റിൻ്റെ നമസ്കാരം നിർവ്വഹിക്കുമായിരുന്നു.

ഒരു ദിവസം, മേവാത്തിൽ നിന്നും ജോലി തേടിയെത്തിയ ചില തൊഴിലാളികളെ അദ്ദേഹം കണ്ടുമുട്ടി. അത്തരം ജോലിയിൽ നിന്ന് എത്ര രൂപ സമ്പാദിക്കുമെന്ന് മൗലാന അവരോട് ചോദിച്ചറിഞ്ഞു, “പറയപ്പെട്ട അത്രയും തുക നൽകിയാൽ പകരം കലിമയും സ്വലാത്തും പഠിക്കാൻ ഒരുക്കമാണോ “ എന്ന് അവരോട് ചോദിച്ചു. അവർ സമ്മതിച്ചു, അതിനുശേഷം ഏതാണ്ട് പത്തോളം മേവാത്തികളായ വിദ്യാർത്ഥികൾ എപ്പോഴും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ബംഗ്ലാവാലി മസ്ജിദിൽ ഒരു മദ്രസയുടെ തുടക്കം കുറിക്കപ്പെടുകയായിരുന്നു.

Source: Life and Mission of Maulana Ilyas, pages 4-5

മൗലാന ഇല്യാസ് (റഹ്) യുടെ സഹോദരൻ മൗലാന മുഹമ്മദ് (റഹ്) വഫാത്താവുന്നതിന് മുമ്പ് 16 വർഷക്കാലം ഒരു തഹജ്ജുദ് നമസ്ക്കാരം പോലും മുടക്കിയിരുന്നില്ല. വിത്ർ നമസ്‌കാരത്തിൽ സൂജൂദിലായി അദ്ദേഹം അല്ലാഹുവിലേക്ക് മടങ്ങി.

Source: Life and Mission of Maulana Ilyas, page 18

മൗലാന ഇല്യാസ് (റഹ്) മാതാവ് ബി സഫിയ ദിവസവും നബിതങ്ങളുടെ മേൽ സ്വലാത്ത് 5000 തവണയും “അല്ലാഹു” എന്ന ഇസ്മ്-ഇ-ദാത്ത് 5000 തവണയും “ബിസ്മില്ലാഹി റഹ്മാനി റഹീം” 1000 തവണയും “ഹസ്ബുനല്ലാഹു-വനിഅ്മൽ വക്കീൽ” 1000 തവണയും മൻസിൽ ആയിരക്കണക്കിന് പ്രാവശ്യവും ദിവസേന പാരായണം ചെയ്യുമായിരുന്നു. റമദാനിൽ, ഇതിനെല്ലാം പുറമേ, അവർ എല്ലാ ദിവസവും മുഴുവൻ ഖുർആനും കൂടാതെ അധികമായി 10 ജൂസ്ഉം പാരായണം ചെയ്യുമായിരുന്നു. റമദാനിൽ 40 തവണ വിശുദ്ധ ഖുർആൻ പാരായണം പൂർത്തിയാക്കുമായിരുന്നു.

മൗലാന ഇല്യാസ് (റഹ്) ഉമ്മയുടെ പ്രിയപ്പെട്ട കുട്ടിയായിരുന്നു. അവർ മകനോട് ചോദിക്കും, “സഹാബാക്കളെപ്പോലെയുള്ള രൂപങ്ങൾ നിന്നോടൊപ്പം സഞ്ചരിക്കുന്നത് ഞാൻ കാണുന്നുണ്ടല്ലോ, എങ്ങനെയാണ്? “

Source: Life and Mission of Maulana Ilyas, page 7

മൗലാന ഇല്യാസ് (റഹ്) യിലും ഉയർന്ന ഭയഭക്തിയുടെ അടയാളങ്ങൾ കാണപ്പെടുമായിരുന്നു. അല്ലാഹുവിൻ്റെ ദിക്‌റിലായി മണിക്കൂറുകളോളം ഏകാന്തതയിൽ കഴിഞ്ഞു കൂടുമായിരുന്നു. മഹാനവറുകൾ നിസാമുദ്ദീനിലായിരിക്കുമ്പോൾ, ചിലപ്പോഴൊക്കെ മഹാനായ ഹസ്രത്ത് നിസാമുദ്ദീൻ ഔലിയ (റഹ്) ഇബാദത്തിലായി ഇരുന്നിരുന്ന സ്ഥലത്ത് – അറബ് സാറയുടെ കവാടത്തിൽ ഉച്ചയാവുന്നത് വരെയും മണിക്കൂറുകളോളം കഴിയുമായിരുന്നു.

Source: Life and Mission of Maulana Ilyas, page 20

1898 ഫെബ്രുവരി 2 ന് (1315 ഹിജ്‌റി 10 റമദാൻ) – മൗലാന ഇല്യാസ് (റഹ്) യുടെ അനന്തരവനായി ശൈഖുൽ ഹദീസ് മൗലാന മുഹമ്മദ് സക്കറിയ കന്ധലവി ബിൻ മൗലാന മുഹമ്മദ് യഹ്‌യ ജനിച്ചു,

Source: The seerah of Maulana Yahya page 294

ശൈഖുൽ ഹദീസ് മൗലാന മുഹമ്മദ് സക്കറിയ കന്ധലവി

ശൈഖുൽ ഹദീസ് മൗലാന സക്കറിയ

1898 ഫെബ്രുവരി 26 – മൗലാന ഇല്യാസിൻ്റെ പിതാവ് മൗലാന ഇസ്മായിൽ സാഹിബ് അന്തരിച്ചു.

Source: Life and Mission of Maulana Ilyas, page 5

1917 മാർച്ച് 20 – മൗലാന യൂസുഫ് കാന്ധലവി ബിൻ മൗലാന ഇല്യാസ് ജനിച്ചു.

Source: Sawanih Hadrathji Tsalits, I/80

മൗലാന യൂസുഫ് കാന്ധലവി

1918 ഫെബ്രുവരി 8 – ഏകദേശം 32 വയസ്സായപ്പോൾ മൗലാന ഇല്ല്യാസ്(റഹ്) ബംഗ്ലേവാലി മസ്ജിദിൽ താമസമാക്കി. അക്കാലത്ത് അതൊരു ചെറിയ പള്ളിയായിരുന്നു. കൊടും വനത്താൽ ചുറ്റപ്പെട്ടിരുന്ന അതിനുള്ളിൽ ഒരു ചെറിയ മുറിയും ഉണ്ടായിരുന്നു. പൈപ്പ് വെള്ളം ലഭ്യമല്ലാത്തതിനാൽ മറ്റിടങ്ങളിൽ നിന്ന് വെള്ളമെത്തിക്കേണ്ടി വന്നു. നാലോ അഞ്ചോ ആളുകൾ മാത്രമാണ് അവിടെ നമസ്‌കരിക്കാനുണ്ടായിരുന്നത്, അവരാവട്ടെ അദ്ദേഹത്തിൻ്റെ വിദ്യാർത്ഥികളും. മൗലാന ഇല്യാസ് (റഹ്) അധികസമയവും പള്ളിയിൽ തന്നെ കഴിച്ചുകൂട്ടുമായിരുന്നു.

Source: Sawanih Hadrathji Tsalits, I/24

ഭക്ഷണം വളരെ തുച്ഛമായതിനാൽ അവർക്ക് പലതവണ പട്ടിണി കിടക്കേണ്ടി വന്നു, പക്ഷേ മൗലാനാ ഇല്ല്യാസ് (റഹ്) അതെല്ലാം സസന്തോഷം സഹിക്കുമായിരുന്നു. കടുത്ത ദാരിദ്ര്യം അദ്ദേഹത്തെ ബാധിച്ചതേയില്ല, മറിച്ച് സമൃദ്ധിയും അതിലേക്കുള്ള ആഗ്രഹവും മഹാനവറുകളെ അസ്വസ്ഥമാക്കുമായിരുന്നു.

Source: Life and Mission of Maulana Ilyas, page 19

1918 ഫെബ്രുവരി 20മൗലാന ഇനാമുൽ ഹസ്സൻ കന്ധലവി ബിൻ മൗലാന ഇക്രാമുൽ ഹസ്സൻ ഇന്ത്യയിലെ യുപിയിലെ മുസാഫർ നഗറിലെ കാന്ധലയിൽ ജനിച്ചു. മൗലാന ഇല്യാസ് (റഹ്) യുടെ അനന്തരവനായിരുന്നു അദ്ദേഹം.

Source: Sawanih Hadrathji Tsalits, I/172

മൗലാന ഇനാമുൽ ഹസ്സൻ

1922ഹാജി അബ്ദുൾ വഹാബ് സാബ് ഇന്ത്യയിലെ ന്യൂഡൽഹിയിൽ ജനിച്ചു. തൻ്റെ ജീവിതം മുഴുവൻ തബ്‌ലീഗിന് നൽകുമെന്ന് മൗലാന ഇല്യാസിനോട് ബൈഅത്ത് ചെയ്ത ആദ്യത്തെ അഞ്ച് ആളുകളിൽ ഒരാളാണ്. സൂഫീ തരീഖ്വത്തിൽ മൗലാനാ ഷാ അബ്ദുൽ ഖാദിർ റായ്‌പൂരി (റഹ്) യുടെ നാലാമത്തെ ഖലീഫ കൂടിയാണ്. തബ്‌ലീഗിൻ്റെ ആദ്യകാല പ്രവർത്തകരിൽ ഒരാളായിരുന്നു. അദ്ദേഹം ദീനിൻ്റെ പരിശ്രമത്തിൻ്റെ മൂന്ന് അമീർമാരായിരുന്ന മൗലാന ഇല്ല്യാസ് (റഹ്), മൗലാനാ യൂസുഫ് (റഹ്), മൗലാന ഇനാമുൽ ഹസൻ (റഹ്) എന്നിവരുമായി ശക്തമായ ആത്മബന്ധം സ്ഥാപിച്ചിരുന്നു.

Source: The Life of Shaikh Zubayr, Page 156

ഹാജി അബ്ദുൾ വഹാബ് സാബ്

1920 കളിൽ പൊതുമുസ്ലീങ്ങളിൽ എന്നല്ല ദാറുൽ ഉലൂം വിദ്യാർത്ഥികളിൽപ്പോലും മതാജ്ഞതയും മതവിരുദ്ധതയും നിലനിന്നിരുന്നു. ഒരിക്കൽ, ഒരു യുവാവ് മൗലാന ഇല്ല്യാസ് (റഹ്)യുടെ അടുക്കൽ വന്നു, “താൻ മേവാത്തിലെ അത്തരമൊരു മക്തബിൽ ഖുർആൻ പഠനം പൂർത്തിയാക്കിയ വ്യക്തിയാണ് ” എന്ന അഭിമാനത്തോടെ പരിചയപ്പെടുത്തി. ഒരു മുസ്ലീമാണെന്നു പോലും ആർക്കും മനസ്സിലാക്കുവാൻ വണ്ണം അയാളുടെ രൂപത്തിലും വേഷത്തിലും ഒരു അടയാളവും ഉണ്ടായിരുന്നില്ല. മുഖക്ഷൗരം ചെയ്തിരുന്നു. മൗലാന ഇല്ല്യാസ് (റഹ്)യിൽ ഇതെല്ലാം വലിയ അസ്വസ്ഥത ഉണ്ടാക്കി.

Source: Life and Mission of Maulana Ilyas – S Abul Hasan Ali Nadwi

1926 ഏപ്രിൽ 29 – മൗലാന ഇല്ല്യാസ് (റഹ്) 40 വയസ്സിൽ നിരവധി ആലിമുകൾക്കൊപ്പം ഹജ്ജിന് പോയി.

Source: Sawanih Hadrathji Tsalits I/31

മക്ക ഒരു പഴയ ചിത്രം

1926 ജൂലൈ 20 – മൗലാന ഇല്ല്യാസ് (റഹ്) യുടെ ഹജ്ജ് സംഘം ഇന്ത്യയിലേക്ക് മടങ്ങേണ്ട സമയം എത്തി, എന്നാൽ മൗലാനയ്ക്ക് വളരെയധികം അസ്വസ്ഥത അനുഭവപ്പെട്ടു. മദീനയിൽ തന്നെ താമസിക്കാനുള്ള ശക്തമായ ആഗ്രഹം അദ്ദേഹത്തിനുണ്ടായി.

Source: Sawanih Hadrathji Tsalits, I/31

1926 – ഒരു രാത്രി, പരിശുദ്ധ മദീനയിൽ, നബിതങ്ങളുടെ പള്ളിയിലെ റൗളയിൽ മൗലാന ഇല്ല്യാസ് (റഹ്) ഉറങ്ങുകയായിരുന്നു. നബി തങ്ങൾ(സ്വ) മൗലാനയോട് അല്ലാഹു സുബ്ഹാനഹൂ വ തഅ്ലാ മൗലാനയെ കൊണ്ട് ജോലി ചെയ്യിക്കുമെന്നും, ഇന്ത്യയിലേക്ക് മടങ്ങണം എന്നും സ്വപ്നത്തിൽ നിർദ്ദേശിച്ചു.

Source: Sawanih Hadrathji Tsalits, I/31

1920-ലെ മസ്ജിദുനബവിയും പരിശുദ്ധ റൗളായും

1926 നവംബർ – മൗലാന ഇല്യാസ് (റഹ്) ഹജ്ജ് കഴിഞ്ഞ് ഇന്ത്യയിലേക്ക് മടങ്ങി, നാല്പതാമത്തെ വയസ്സിൽ ഔദ്യോഗികമായി തബ്‌ലീഗ് പ്രവർത്തനം ആരംഭിച്ചു.

Source: Sawanih Hadrathji Tsalits, I/31

1930 – അദ്ദേഹത്തിൻ്റെ ശിഷ്യനായിരുന്ന ഇൻആമുൽ ഹസ്സൻ (അന്നദ്ദേഹത്തിന് 13 വയസ്സ് പ്രായം) നിസാമുദ്ദീനിൽ സ്ഥിരതാമസമാക്കുകയും മൗലാനയുടെ ദഅ്‌വത്തിൻ്റെ യാത്രകളിൽ സഹായി ആയി കൂടുകയും ചെയ്തു.

Source: Sawanih Hadrathji Tsalits, I/222, 248

1930 ഏപ്രിൽ 28ദാറുൽ ഉലൂം സഹാറൻപൂരിൽ മദ്രസാവാർഷിക പരിപാടിയിൽ മൗലാന ഇല്യാസ് (റഹ്) ആദ്യമായി തബ്ലീഗിന്റെ പരിശ്രമത്തെ പരിചയപ്പെടുത്തി.

Source: Sawanih Hadrathji Tsalits, I/33

മളാഹിറുൽ ഉലൂം സഹാറൻപൂർ

1932 – മൗലാന ഇല്യാസ്(റഹ്) യുടെ ആറുവർഷത്തെ ദഅ്‌വത്ത് – തബ്‌ലീഗിൻ്റെ നിരന്തര ശ്രമഫലമായി ആദ്യമായി ആദ്യത്തെ ജമാഅത്ത് പുറപ്പെട്ടു. പുറപ്പെട്ട രണ്ട് ജമാഅത്തുകൾ ഇവയായിരുന്നു:

  • മൗലാന ഹാഫിസ് മഖ്ബൂലിൻ്റെ ജമാഅത്ത് – കാന്ധലയിലേക്ക് യാത്രയായി
  • മൗലാന ദാവൂദ് മേവാത്തിയുടെ ജമാഅത്ത് – സഹാറൻപൂരിലേക്ക് യാത്രയായി

Source: Sawanih Hadrathji Tsalits, I/40

1933 ഏപ്രിൽ 25 – ഗുജറാത്തിലെ ബറൂച്ച് ജില്ലയിലെ ജംബൂസാറിലെ ദേവ്‌ലയിൽ മൗലാന ഇബ്രാഹിം ദേവ്‌ല ജനിച്ചു.

Source: Discourses Of Maulana Ibrahim Dewla

1934 ആഗസ്ത് 2 – പരിശ്രമത്തെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്നതിനെക്കുറിച്ച് ആലോചിക്കാൻ ഒരു ഷൂറ (ആലോചനാസമിതി) രൂപീകരിച്ചു. മൗലാന ഇല്യാസ് (റഹ്) (48 വയസ്സ്), മൗലാന സക്കരിയ്യ (റഹ്) (46 വയസ്സ്) എന്നിവർ കൂടി ആലോചിച്ച് അതിൽ തബ്‌ലീഗിൻ്റെ ആറ് കാര്യങ്ങൾ അംഗീകരിച്ചു. യഥാർത്ഥത്തിൽ മൗലാനാ ഇല്യാസ് (റഹ്)യുടെ അടുക്കൽ അറുപതോളം വിഷയങ്ങൾ വരെ ഉണ്ടായിരുന്നു എന്നത് പറയപ്പെടേണ്ട കാര്യമാണ്. തബ്‌ലീഗിൻ്റെ 6 കാര്യങ്ങൾ താഴെപ്പറയുന്നതാണ്:

  1. കലിമ
  2. നമസ്‌കാരം
  3. ഇൽമും ദിക്ക്റും
  4. ഇക്രാമുൽ മുസ്ലിമീൻ
  5. ഇഖ്_ലാസ്
  6. ദഅ്‌വത്ത് ഇലല്ലാഹ്

Source: Sawanih Hadrathji Tsalits, I/36

1939 നവംബർ 8 – മൗലാന ഹാറൂൺ കാന്ധലവി ബിൻ മൗലാന യൂസുഫ് ബിൻ മൗലാന ഇല്യാസ് (മൗലാന സഅ്ദിൻ്റെ പിതാവ്) ജനിച്ചു.

Source: The Tadzkirah of Maulana Haroon, Page 23

മൗലാന ഹാറൂൺ കാന്ധലവി

1941 മെയ് 28 – മൗലാന സക്കരീയ്യാ സാഹിബിൻ്റെ മകൻ മൗലാന തൽഹ ജനിച്ചു.

Source: The Life of Shaikh Zubayr, Page 133

മൗലാനാ സക്കരിയ്യയുടെ (റഹ്) വീട്, മൗലാന തൽഹ ജനിച്ചത് ഇവിടെയാണ്

1941 നവംബർ 30 – മേവാത്തിൽ ആദ്യത്തെ തബ്‌ലീഗ് സമ്മേളനം , ഏകദേശം 25,000-ത്തോളം പേർ പങ്കെടുത്തു. മൗലാനാ അഹമ്മദ് മദനിയും സാഹിബ്, മുഫ്തി കിഫായത്തുല്ലാ സാഹിബ് തുടങ്ങി ഒട്ടനവധി ഉലമാക്കൾ പങ്കെടുത്തു.

Source: Life and Mission of Maulana Ilyas, Page 62

1942 – മൗലാന ദാവൂദ് മേവാത്തി അമീറായിരുന്ന ആദ്യത്തെ മസ്തൂറാത്ത് (സ്ത്രീകൾ ഉൾപ്പെട്ട) ജമാഅത്ത് രൂപീകരിച്ചു. മൗലാനാ യൂസുഫ് (റഹ്) മൗലാനാ ഇനാമുൽ ഹസൻ (റഹ്) ഉൾപ്പെടെയുള്ള നിരവധി ഉലമാക്കൾ ആദ്യം അത്തരമൊരു ജമാഅത്തിനോട് യോജിച്ചിരുന്നില്ല. എന്നിരുന്നാലും, അത്തരം ജമാഅത്തിൻ്റെ വിശദീകരണവും അതിസൂക്ഷമായ തർതീബും (രീതിശാസ്ത്രം) വിശദമാക്കിയതിനു ശേഷം, അവർ അതിനോട് യോജിക്കുകയുണ്ടായി.

Source: Sabilul Khoirot fiJama’atil Mutanaqqibat, Page 262

1944 ജനുവരി – ഹാജി അബ്ദുൾ വഹാബ് (22 വയസ്സ് പ്രായം) ആദ്യമായി നിസ്സാമുദ്ദീൻ മർക്കസിൽ എത്തുകയും പിന്നീട് ദീനിൻ്റെ പരിശ്രമത്തിൽ കർമ്മനിരതനാകാൻ അത് കാരണമാകുകയും ചെയ്തു. മൗലാനാ ഇല്യാസ് (റഹ്) മരിക്കുന്നതിന് ആറു മാസം മുമ്പ് അദ്ദേഹത്തിന് മൗലാനാ ഇല്ല്യാസ് (റഹ്)യുടെ സഹവാസത്തിനുള്ള ഭാഗ്യമുണ്ടായി.

ource: The Life of Maulana Zubayr, Page 156

1944 മെയ് മുതൽ ജൂലൈ വരെ – ആ മാസത്തിലുടനീളം മൗലാന ഇല്യാസ് (റഹ്)യ്ക്ക് രോഗം അനുദിനം വഷളായി കൊണ്ടിരുന്നു.

മൗലാന ഇല്യാസ് (റഹ്) വഫാത്തിന് ശേഷം, ഈ പരിശുദ്ധമായ ദീനി പരിശ്രമത്തിൻ്റെ നേതൃസ്ഥാനം ആര് ഏറ്റെടുക്കും എന്നൊരു ആശങ്ക പരിശ്രമത്തിൽ സജീവമായിരുന്ന പണ്ഡിതന്മാർക്കിടയിലും മുതിർന്ന പ്രവർത്തകർക്കിടയിലും പൊതുവായി നിലനിന്നിരുന്നു.

ആ രാത്രികളിൽ, ശൈഖ് അബുൽ ഹസ്സൻ അലി നദ്‌വി (റഹ്), മൗലാനാ ഷാ അബ്ദുൽ ഖാദിർ റായ്‌പുരി (റഹ്), മൗലാനാ സഫർ അഹ്‌മദ് ഉസ്മാനി (റഹ്), ഹാഫിസ് ഫക്രുദ്ദീൻ (റഹ്), മൗലാനാ ഖലീൽ അഹ്‌മദ് സഹറൻപുരി (റഹ്)” തുടങ്ങി അദ്ദേഹത്തെ സ്‌നേഹിച്ച പണ്ഡിതന്മാരുടെ ഒരുസംഘവും മൗലാനാ ഇല്യാസ് (റഹ്) മായി സമ്പർക്കം പുലർത്തിയിരുന്നവരോ, വ്യക്തിപരമായോ പ്രബോധനത്തിലോ മൗലാനയുടെ കൂടെ സമയം ചിലവഴിച്ചവരോ ആയ മിക്കവാറും എല്ലാവരും നിസാമുദ്ദീൻ മർകസ് പള്ളിയിൽ ഒത്തുകൂടുമായിരുന്നു.

പരിശ്രമത്തിൽ സജീവമായ ഇത്തരം പണ്ഡിതന്മാരുടെ വീക്ഷണത്തിൽ, ദഅ്‌വത്തിൻ്റെ പരിശ്രമത്തിൽ മൗലാന ഇല്യാസ് (റഹ്) യുടെ ഇമാറത്തിന് പകരം വയ്ക്കാൻ ഏറ്റവും അനുയോജ്യമായത് ശൈഖുൽ ഹദീസ് മൗലാന സക്കറിയ്യാ (റഹ്) മാത്രമായിരുന്നു. വിജ്ഞാനം, ആത്മീയത, അനുഷ്ഠാനം, ഉന്നത ബിരുദം, ബുദ്ധിപരത എന്നീ ഗുണങ്ങളിൽ മൗലാന ഇല്യാസ് (റഹ്) പകരം വെയ്ക്കാനും പരിശുദ്ധമായ ഈ പരിശ്രമത്തിൻ്റെ അമീറാകാനുമുള്ള യോഗ്യത ഒരേയൊരു വ്യക്തിയിൽ മാത്രമാണ് അവർ കണ്ടത്.

തുടർന്ന് ആദരണീയരായ പണ്ഡിതന്മാർ ശൈഖുൽ ഹദീസ് മൗലാനാ സക്കരിയ്യ (റഹ്) (46 വയസ്സ്) യുടെ അടുക്കൽ വന്ന് അവരുടെ അഭിപ്രായങ്ങൾ അദ്ദേഹത്തെ അറിയിച്ചു. മൗലാന സക്കറിയ സൗമ്യമായി അത് നിരസിക്കുകയും, ഇങ്ങനെ മറുപടി പറയുകയും ചെയ്തു, “അതിനെക്കുറിച്ച് നിങ്ങൾ വിഷമിക്കേണ്ടതില്ല, കാരണം അല്ലാഹു തഅ്ലാ അത് ക്രമീകരിച്ചു കൊള്ളും.”

Source: Sawanih Hadrathji Tsalits, I/68

1944 ജൂലൈ 11 – മൗലാന ഇല്യാസ് (റഹ്) വഫാത്താവുന്നതിന് രണ്ട് ദിവസം മുമ്പ്, മൗലാന ഇല്യാസ് (റഹ്) മൗലാന സക്കറിയ്യ (റഹ്) യേയും ശൈഖ് അബ്ദുൾ ഖാദർ റായ്പുരി (റഹ്) യേയും മഷൂറ ചെയ്യാൻ വേണ്ടി വിളിച്ചു. പ്രസ്തുത മഷൂറയിൽ പണ്ഡിതന്മാരുടെയും ദീനീസ്നേഹികളുടെയും മുമ്പിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “എൻ്റെ മരണശേഷം എനിക്ക് പകരം വരുന്നവരെ ഉടൻ തന്നെ തീരുമാനിക്കണം. എൻ്റെ മനസ്സിൽ ആറുപേരുകളുണ്ട്;

  • മൗലാനാ ഹാഫിസ് മഖ്ബുൽ
  • മൗലാനാ ദാവൂദ് മേവാത്തി
  • മൗലാനാ ഇഹ്തിസാമുൽ ഹസൻ
  • മൗലാനാ യൂസുഫ് കാന്ധലവി
  • മൗലാനാ ഇനാമുൽ ഹസൻ
  • മൗലാനാ സയ്യിദ് റിളാ ഹസൻ ഭോപ്പാലി

വ്യക്തിപരമായി, ഞാൻ മൗലാനാ ഹാഫിസ് മഖ്ബൂലിനെ നിർദ്ദേശിക്കുന്നു, കാരണം അദ്ദേഹം ദീർഘകാലമായി ദിക്റിലും ഈ പരിശ്രമത്തിലും ഏർപ്പെട്ടിട്ടുണ്ട്.”

മൗലാന ഷാ അബ്ദുൾ ഖാദിർ റായ്‌പൂരി പരിശ്രമത്തിൻ്റെ അടുത്ത അമീറായി മൗലാന യൂസഫിനെ നിർദ്ദേശിച്ചു. ഈ രണ്ട് അഭിപ്രായങ്ങൾ വന്നപ്പോൾ മൗലാന ഇല്യാസ് (റഹ്) പറഞ്ഞു, “മൗലവി യൂസിഫിനെക്കാൾ നന്നായി മേവാത്തികളുമായി ഇടപെടാൻ ആർക്കാണ് കഴിയുക?”. ആ പരിഗണനകളുടെ അടിസ്ഥാനത്തിൽ മൗലാനാ അബ്ദുൽ ഖാദിർ റായ്‌പൂരി ഒടുവിൽ ദീനിൻ്റെ പരിശ്രമത്തിലെ രണ്ടാമത്തെ അമീറായി മൗലാനാ യൂസുഫ് (റഹ്)യെ തീരുമാനിച്ചു. അന്ന് മൗലാനാ യൂസഫിന് (റഹ്)യ്ക്ക് 27 വയസ്സായിരുന്നു പ്രായം.

മൗലാന ഇല്യാസ് (റഹ്) പറഞ്ഞു, “ഇതാണ് നിങ്ങളുടെ തീരുമാനമെങ്കിൽ, അല്ലാഹു തഅ്ലാ നന്മയും അനുഗ്രഹവും നൽകട്ടെ. മുമ്പ് എൻ്റെ ഹൃദയം ശാന്തമായിരുന്നില്ല, എന്നാൽ ഇപ്പോൾ എൻ്റെ ആത്മാവ് വളരെ ശാന്തമായി തോന്നുന്നു. എൻ്റെ വിടവാങ്ങലിന് ശേഷവും ഈ ജോലി നന്നായി തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

തുടർന്ന് മൗലാനാ സക്കറിയ്യ (റഹ്)യും മൗലാനാ ഇല്യാസ് (റഹ്)യും മൗലാനാ യൂസുഫ് (റഹ്)യ്ക്ക് ജനങ്ങളിൽ നിന്ന് ബയ്അത്ത് ചെയ്യാനുള്ള ഇജാസത്ത് എഴുതി നൽകി.

ource: Sawanih Hadrathji Tsalits, I/65

മൗലാനാ ഇല്യാസ് (റഹ്) മൗലാനാ യൂസഫ് (റഹ്)യ്ക്ക് രേഖാമൂലം ബൈഅത്തിനുള്ള ഇജാസത്ത് നൽകി.

1944 ജൂലൈ 13 – ബംഗ്ലാവാലി മസ്ജിദിൽ വെച്ച് മൗലാന ഇല്യാസ് (റഹ്) അന്തരിച്ചു, നിസാമുദ്ദീനിലെ ബംഗ്ലാവാലി മസ്ജിദിന് സമീപത്തു തന്നെ ഖബറടക്കം നടത്തി. ദീനിൻ്റെ പരിശ്രമത്തിൽ സജീവമായിരുന്ന എല്ലാ മുതിർന്ന പ്രവർത്തകരുടെയും സാനിദ്ധ്യത്തിൽ മൗലാന യൂസഫ് (റഹ്) ദഅ്‌വത്തുതബ്‌ലീഗിൻ്റെ രണ്ടാമത്തെ അമീറായി. മൗലാനാ സക്കറിയ മൗലാനാ യൂസഫിൻ്റെ തലയിൽ മൗലാനാ മൗലാന ഇല്യാസ് (റഹ്) ) യുടെ തലപ്പാവ് അണിയിച്ചു. മൗലാനാ യൂസഫ്(റഹ്)യുടെ ആദ്യത്തെ ബയാൻ നിസാമുദ്ദീനിലെ ബംഗ്ലാവാലി മസ്ജിദിൻ്റെ മുറ്റത്തുണ്ടായിരുന്ന ഒരു മരച്ചുവട്ടിലായിരുന്നു

Source: Sawanih Hadrathji Tsalits, I/66

ദീനിൻ്റെ പരിശ്രമം മൗലാനാ യൂസഫ്(റഹ്)യുടെ കാലഘട്ടത്തിൽ

1946 – സൗദി അറേബ്യയിലെ ഹജ്ജ് സീസണിൽ പ്രത്യേകമായി പ്രവർത്തിക്കാൻ മൗലാന യൂസഫ് (റഹ്) ആദ്യമായി ജമാഅത്തിനെ യാത്രയാക്കി.

മൗലാന സയീദ് അഹമ്മദ് ഖാൻ സാബ്

Source: Life of Maulana Zubayr, Page 148

1947 ഓഗസ്റ്റ് 15 – ഇന്ത്യ – പാകിസ്ഥാൻ വിഭജനം. ആയിരക്കണക്കിന് മുസ്ലീമീങ്ങൾ ഭയത്താൽ ഇസ്ലാം വിട്ടു. നിരവധി ജീവനുകൾ പൊലിഞ്ഞു. എല്ലാ മഷൈഖുകളും അല്ലാഹുവിനോട് കരഞ്ഞു ദുആ ചെയ്തുകൊണ്ടിരുന്നു. മേവാത്തിൽ നിന്നുള്ള ഒരു വലിയ സംഘം നിസാമുദ്ദീൻ മർകസിൽ അഭയം പ്രാപിച്ചു. ഹസ്രജി മൗലാനാ യൂസുഫ് (റഹ്), മൗലാന മൻസൂർ നുഅ്മാനി (റഹ്), മൗലാന ഹബീബുറഹ്മാൻ ലുധ്യാൻവി (റഹ്), മൗലാന സക്കറിയ (റഹ്) എന്നിവർ മുസ്‌ലിമീങ്ങൾ ഇന്ത്യ വിട്ടുപോകരുതെന്ന് തീരുമാനിച്ചു. ഒന്നുകിൽ അവർ ഇവിടെ നിൽക്കും അല്ലെങ്കിൽ മരിക്കും. മുസ്ലീങ്ങൾ ഇന്ത്യ വിട്ടുപോകരുതെന്ന് ഫത്വവ പുറപ്പെടുവിക്കണമെന്ന് ഫത്വ കൗൺസിലിനെ പ്രേരിപ്പിച്ചതിൽ മൗലാന സക്കറിയ (റഹ്) വലിയ പങ്കുവഹിച്ചു. ഈ ഫത്വവ പുറപ്പെടുവിച്ചില്ലായിരുന്നുവെങ്കിൽ, ഒരു പക്ഷേ ഇന്ന് ഇന്ത്യയിൽ മുസ്ലീങ്ങൾ ഉണ്ടാകുമായിരുന്നില്ല.

Source: Sawanih Hadhratji Tsalits, 1/121, 129

1947-ൽ ഇന്ത്യയിലേക്ക് പലായനം ചെയ്യുന്ന മുസ്ലീങ്ങൾ

(ചിത്രം: അമൃതർ ട്രെയിൻ കൂട്ടക്കൊല)

1947 ഓഗസ്റ്റ് – മുർത്തദായ മുസ്‌ലിമീങ്ങൾക്കിടയിൽ പരിശ്രമിക്കാൻ മൗലാന യൂസഫ് (റഹ്) നിരവധി ജമാഅത്തുകളെ അയച്ചു. ഈ ജമാഅത്തുകൾ തങ്ങളുടെ ജീവൻ പോലും പരിഗണിക്കാതെ വലിയ ത്യാഗത്തിൽ പരിശ്രമിക്കാൻ തയ്യാറായി.

Source: Sawanih Maulana Yusuf, Page 306

1947 ഓഗസ്റ്റ് 24 – ദഅ്വത്തിൻ്റെ പരിശ്രമം തുടങ്ങാൻ ലക്ഷ്യമിട്ട് നമ്മുടെ അയൽരാജ്യത്തിലേക്ക് മൗലാന യൂസഫ് (റഹ്) ഒരു ശക്തമായ ജമാഅത്തിനെ അയച്ചു. ഹാജി അബ്ദുൾ വഹാബ് സാബ് (റഹ്) ഈ ജമാഅത്തിൽ ഉണ്ടായിരുന്നു. ഇരിപ്പിടത്തിനടിയിലും ടോയ്‌ലറ്റിനുള്ളിലും മറ്റും ഒളിച്ചിരുന്ന തങ്ങളുടെ അപകടകരമായ യാത്രയെ കുറിച്ച് ജമാഅത്ത് കത്ത് എഴുതി.

ഹാജി അബ്ദുൾ വഹാബ് സാബ് (അന്ന് 25 വയസ്സ്) അവിടെ നിന്ന് പാകിസ്ഥാനിലെ ലാഹോറിലെ റെയ്‌വണ്ട് മർകസിൽ സ്ഥിരതാമസമാക്കി.

1947 സെപ്റ്റംബർ 15 – മഗ്‌രിബ് നമസ്കാരം നിർവ്വഹിക്കുന്നതിനിടെ സുജൂദിലായി മൗലാനാ യൂസുഫി(റഹ്) യുടെ സഹധർമിണി അല്ലാഹുവിലേക്ക് മടങ്ങി. അവരുടെ മകൻ മൗലാന ഹാറൂൺ (റഹ്) അന്ന് 8 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

Source: Tadzkirah Maulana Haroon, Page 31

1947 ഡിസംബർ 26 – ഇന്ത്യ – പാകിസ്ഥാൻ വിഭജനത്തിന് ശേഷം കറാച്ചിയിൽ ആദ്യത്തെ തബ്‌ലീഗ് സമ്മേളനം നടന്നു.

Source: Sawanih Maulana Yusuf, Page 380

1948 മാർച്ച് 13 – ഇന്ത്യ – പാകിസ്ഥാൻ വിഭജനത്തിന് ശേഷം ആദ്യമായി മൗലാന യൂസഫ് (റഹ്) പങ്കെടുത്ത ഒരു സമ്മേളനം പാകിസ്ഥാനിൽ നടന്നു. ഈ സമ്മേളനത്തിലെ മഷൂറയിൽ, ലാഹോറിലെ റായിവണ്ടിനെ പാക്കിസ്ഥാൻ മർക്കസ്സായി തീരുമാനിച്ചു.

Source: Sawanih Hadhratji Tsalits, I/106

1948 ഡിസംബർ – മൗലാന സക്കറിയ(റഹ്) ഫളായിലേ സദഖഃ എന്ന പുസ്തകം പൂർത്തിയാക്കി

Source: Answering the Objections on Fadhail Amal, Page 15

1950 മാർച്ച് 30 – മൗലാന സുബൈർ ഉൽ ഹസ്സൻ കാന്ധലവി ബിൻ മൗലാന ഇനാമുൽ ഹസ്സൻ ജനിച്ചു.

Source: Ahwal wa Atsar, Page 29

മൗലാന സുബൈർ ഉൽ ഹസ്സൻ (റഹ്)

1954 ജനുവരി 11 – കിഴക്കൻ പാകിസ്ഥാനിലെ ധാക്കയിൽ (ബംഗ്ലാദേശ് രൂപീകരണത്തിന് മുമ്പ്) ആദ്യത്തെ സമ്മേളനം നടന്നു. മൗലാനാ യൂസുഫ് (റഹ്), മൗലാന ഇനാമുൽ ഹസ്സൻ(റഹ്) ഇരുവരും സമ്മേളനത്തിൽ പങ്കെടുത്തു.

Source: Sawanih Hadrat Maulana Yusuf, Page 385

1954 ഏപ്രിൽ 10 – ആദ്യത്തെ റായിവണ്ട് സമ്മേളനം നടത്തി

Source: Sawanih Hadrat Maulana Yusuf, Page 376

1960 – മൗലാന യൂസഫ് (റഹ്) ഹയാത്തുസ് സഹാബയുടെ ആദ്യ കോപ്പി പ്രസിദ്ധീകരിച്ചു.

Source: Sawanih Hadhratji Tsalit, I/165

1962 ഓഗസ്റ്റ് 16 – മൗലാന ഷാ അബ്ദുൾ ഖാദർ റായ്‌പൂരി (റഹ്) അല്ലാഹുവിലേക്ക് മടങ്ങി. അദ്ദേഹം ഒരു പ്രശസ്ത സൂഫി പണ്ഡിതൻ മാത്രമല്ല, ഡൽഹിയിൽ നിന്ന് സൗദി അറേബ്യയിലേക്കുള്ള മൂന്നാമത്തെ നടന്നു പരിശ്രമിക്കുന്ന ജമാഅത്തിൻ്റെ അമീറും ആയിരുന്നു, ആ ജമാഅത്തിൽ യുവാവായ മൗലാനാ സയ്യിദ് അഹമ്മദ് ഖാൻ (റഹ്)യും ഉണ്ടായിരുന്നു.

Source: Ahwal wa Atsar, Page 89

1965 ഏപ്രിൽ 12 – ഹസ്രജി മൗലാന യൂസഫ് (റഹ്) വെള്ളിയാഴ്ച 14.50 ന് ലാഹോറിൽ വെച്ച് വഫാത്തായി. അന്ന് അദ്ദേഹത്തിന് 48 വയസ്സായിരുന്നു. മൗലാനാ ഇനാമുൽ ഹസ്സൻ (റഹ്) അരികിലിരുന്ന് സൂറത്ത് യാസിൻ പാരായണം ചെയ്തു. മൗലാനാ യൂസഫ് (റഹ്) തൻ്റെ അവസാന ശ്വാസം വരെ കലിമ പറഞ്ഞുകൊണ്ടേയിരുന്നു. പിതാവ് മൗലാന ഇല്യാസ് (റഹ്) ഖബറിനടുത്തായി അദ്ദേഹത്തെ അടക്കം ചെയ്തു.

Source: Sawanih Hadhratji Tsalits, I/274

മൗലാനാ ഇനാമുൽ ഹസ്സൻ (റഹ്) കാലഘട്ടം

1965 ഏപ്രിൽ 12 – മൗലാന സക്കറിയ്യ(റഹ്) യുടെ നേതൃത്വത്തിൽ ഒരു മഷൂറ നടന്നു. ആ മഷൂറയിൽ മൗലാനാ ഇനാമുൽ ഹസ്സൻ (റഹ്) ദഅ്‌വത്തു തബ്‌ലീഗിൻ്റെ മൂന്നാമത്തെ അമീറായി നിയമിക്കണമെന്ന് തീരുമാനിച്ചു. മൗലാനാ ഉമർ പാലൻപുരി (റഹ്)യുടെ ബയാന് ശേഷം മൗലാന ഫക്രുദ്ദീൻ ദേവ്ബന്ദി (റഹ്)യാണ് മഷൂറയുടെ തീരുമാനം പ്രഖ്യാപിച്ചത്.

Source: Sawanih Hadhratji Tsalits, I/274

1965 ഏപ്രിൽ – ഒരു ഫിത്ന ഉദയം ചെയ്തു. പരിശ്രമത്തിൻ്റെ അടുത്ത അമീറായി മൗലാന ഹാറൂൺ ബിൻ മൗലാന യൂസഫ് (റഹ്) (26 വയസ്സ്) വേണമെന്ന് ആഗ്രഹിച്ച ഒരു കൂട്ടം മേവാത്തികൾ ഉണ്ടായിരുന്നു. ഈ സംഘം ഡൽഹിയിൽ നിന്നുള്ള ചിലർക്കൊപ്പം മൗലാന സക്കറിയ്യ (റഹ്)യോട് മഷൂറ ശേഷം തീരുമാനം മാറ്റാൻ പ്രേരിപ്പിച്ചു. കത്തുകളിലൂടെയും നേരിട്ടും അവർ അദ്ദേഹത്തെ സമ്മർദത്തിലാക്കുന്നത് തുടർന്നു. ഹസ്രത്ത് മൗലാനാ സക്കരിയ്യ (റഹ്) മൗലാനാ ഹാറൂൺ (റഹ്) അടിച്ചമർത്തുകയാണെന്ന് പോലും അവർ ആരോപിച്ചു. മൗലാനാ സക്കരിയ്യ(റഹ്) മഷൂറയുടെ തീരുമാനത്തിൽ ഉറച്ചു നിന്നു. ആളുകൾ പറഞ്ഞു: ‘മൗലാനാ ഇനാമുൽ ഹസ്സൻ, മൗലാനാ യൂസുഫിനെപ്പോലെയല്ല’. ഹസ്രത്ത് മൗലാനാ സക്കരിയ്യ(റഹ്) മറുപടി പറഞ്ഞു, “അത് ശരിയാണ്, പക്ഷേ മൗലാനാ യൂസുഫിന് ശേഷം മൗലാനാ ഇനാമുൽ ഹസ്സനെ ഒരു അമീറിനെ നിങ്ങൾ കണ്ടെത്തുകയില്ല.”

Source: Sawanih Hadhratji Tsalits, I/276, 277

മൗലാനാ ഹാറൂൺ (റഹ്)

1965 – മൗലാന ഹാറൂൺ(റഹ്) തീരുമാനത്തെ സുമനസ്സോടെ സ്വീകരിച്ചു – മൗലാനാ ഹാരുൺ (റഹ്) ഈ വിഷയത്തിൽ സന്തോഷവാനായിരുന്നു, അമീറാകാൻ ആഗ്രഹിക്കുന്നവരുടെ നിർബന്ധത്തിന് അദ്ദേഹം വഴങ്ങിയില്ല. മഷൂറടെ തീരുമാനം തുറന്ന മനസ്സോടെ അദ്ദേഹം സ്വീകരിച്ചു. മഷൂറയുടെ തീരുമാനം അനുസരിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം മറ്റുള്ളവരെ ഉണർത്തുകയും ചെയ്തു. മഷൂറ തീരുമാനം എന്തായാലും അത് ശരിയാണ്.

Source: Sawanih Hadhratji Tsalits, I/277

1965 ഏപ്രിൽ 3 – മൗലാന ഇനാമുൽ ഹസ്സൻ (റഹ്)യുടെ ബൈഅത്ത് ആരംഭിച്ചു. മൗലാനാ ഇനാമുൽ ഹസ്സനെ ദഅ്‌വത്തു തബ്‌ലീഗിൻ്റെ അമീറായി തിരഞ്ഞെടുത്തതിൻ്റെ ഒരു കാരണം, കുട്ടിക്കാലം മുതൽ മരണം വരെ മൗലാന യൂസുഫ്(റഹ്)യുടെ ഏറ്റവും അടുത്ത സഹചാരിയായിരുന്നു. കൂടാതെ, മൗലാനാ ഇനാമുൽ ഹസ്സൻ(റഹ്)യും മൗലാന ഇല്യാസ്(റഹ്)യുടെ ശിഷ്യനായിരുന്നു. മൗലാന ഇല്യാസ്(റഹ്)യുടെ മിക്ക യാത്രകളിലും മൗലാനാ ഇനാമുൽ ഹസ്സൻ(റഹ്)യും കൂടെ തന്നെ ഉണ്ടായിരുന്നു, അതുവഴി പരിശ്രമത്തിൻ്റെ ഉൾക്കാഴ്ചകളും പ്രവർത്തനങ്ങളും ആഴത്തിൽ മനസ്സിലാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

Source: Ahwal wa Atsar, Page 31

1965 മെയ് 10മൗലാന സഅദ് കാന്ധലവി ബിൻ മൗലാന ഹാറൂൺ ജനിച്ചു.

1967 ഓഗസ്റ്റ് 21 – ഓഗസ്റ്റ് 26 മുതൽ 30 വരെ ശ്രീലങ്കയിലെ കൊളംബോയിൽ വെച്ച് ഒരു സമ്മേളനം നടന്നു. അമീറായതിനു ശേഷമുള്ള മൗലാന ഇനാമുൽ ഹസൻ(റഹ്)യുടെ അല്ലാഹുവിൻ്റെ വഴിയിലുള്ള ആദ്യ വിദേശയാത്ര അതായിരുന്നു.

Source: Ahwal wa Atsar, Page 159

1967 നവംബർ – കിഴക്കൻ പാകിസ്ഥാനിൽ (ബംഗ്ലാദേശ് രൂപീകരണത്തിന് മുമ്പ്) ആദ്യത്തെ ടോങ്കി ഇജ്തിമ (സമ്മേളനം) നടന്നു.

Source: Sawanih Hadhratji Tsalits, II/452

1969മൗലാന ഇബ്രാഹിം ദേവ്‌ല തൻ്റെ 36-മത്തെ വയസ്സിൽ ഒരു വർഷത്തെ ഖുറൂജിനായി തുർക്കി, ജോർദാൻ, ഇറാഖ് എന്നിവിടങ്ങളിലേക്ക് പോയി. ഖുറൂജ് 19 മാസത്തേക്ക് നീട്ടി.

Source: Discourses of Maulana Ibrahim, Page 36

1971 മാർച്ച് 26 – ബംഗ്ലാദേശ് – പാകിസ്ഥാൻ വിഭജനം നടന്നു, നിരവധി മുസ്ലീങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടു.

Source: Sawanih Hadhratji Tsalits, I/441

1973 ഏപ്രിൽ 23 – മൗലാന സക്കറിയ്യ (റഹ്) തൻ്റെ 75-ാം വയസ്സിൽ മദീന മുനവ്വറയിൽ താമസമാക്കി.

Source: The Life of Maulana Muhammad Yahya al-Kandahlawi, Page 307.

1973 സെപ്തംബർ 28 – മൗലാന ഹാറൂൺ കാന്ധലവി ബിൻ മൗലാന യൂസഫ് (റഹ്) (മൗലാന സാദിൻ്റെ പിതാവ്) 35-ാം വയസ്സിൽ ഒരു അസുഖത്തെ തുടർന്ന് 13 ദിവസം ആശുപത്രിയിൽ ചികിത്സയിലായി. 55 വയസ്സുള്ള മൗലാന ഇനാമുൽ ഹസൻ(റഹ്) നേതൃത്വത്തിലായിരുന്നു അദ്ദേഹത്തിൻ്റെ ജനാസ പ്രാർത്ഥന. അന്ന് അദ്ദേഹത്തിൻ്റെ മകൻ മൗലാന സാദിന് 8 വയസ്സായിരുന്നു.

Source: Ahwal wa Atsar, Page 379

മരണത്തിന് മുമ്പ് മൗലാന ഹാറൂൺ(റഹ്) പൂർണ്ണ ആരോഗ്യവാനായിരുന്നതിനാൽ സിഹ്റ് ബാധിച്ചതായി സംശയമുണ്ടായിരുന്നു. രോഗ ലക്ഷണങ്ങൾ ഒന്നുമില്ലാതെയാണ് അദ്ദേഹത്തിൻ്റെ രോഗം വന്നത്.

ഒരു അടിസ്ഥാനവുമില്ലാതെ, സിഹ്റ് ചെയ്തത് മൗലാനാ ഇനാമുൽ ഹസ്സൻ(റഹ്) തന്നെയാണെന്ന് കിംവദന്തികൾ ഉയർന്നുവരാൻ തുടങ്ങി. അടിസ്ഥാന രഹിതമായ ആരോപണത്തിൽ മൗലാനാ ഇനാമുൽ ഹസ്സൻ(റഹ്) മാനസികമായി വ്രണപ്പെട്ടു. മൗലാന ഹാറൂൺ(റഹ്)യുടെ ഭാര്യ ഖാലിദ (അതായത് മൗലാന സാദിൻ്റെ ഉമ്മയെ) പോലുള്ള മൗലാന ഹാറൂൺ (റഹ്) യുടെ കുടുംബത്തിൽ നിന്നുള്ള ചിലരായിരുന്നു ഇത് കൂടുതൽ വഷളാക്കിയത്. മൗലാന ഇസ്ഹാറുൽ ഹസൻ(റഹ്)യുടെ മകളായിരുന്നു ഖാലിദ.

ഒരു ഘട്ടത്തിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ സഹിക്കവയ്യാതെ മൗലാന സക്കറിയ്യ (റഹ്)യുമായി മദീനയിലേക്ക് പലായനം ചെയ്യുന്നതിനെ കുറിച്ച് പോലും മഷൂറ ചെയ്തതായി കത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മൗലാനാ സക്കരിയ്യ (റഹ്) ഹിജ്റ ചെയ്തത് പോലെ മദീനയിലേക്ക് പലായനം ചെയ്യുന്നത് നല്ലതാണോ എന്ന് അദ്ദേഹം മൗലാന സക്കറിയ്യ (റഹ്)യോട് ചോദിച്ചു. ക്ഷമയോടെ ബംഗ്ലാവാലാ മസ്ജിദിൽ കഴിയാൻ മൗലാനാ സക്കറിയ്യ (റഹ്) പറഞ്ഞു. അദ്ദേഹം ക്ഷമയോടെ അത് അനുസരിച്ചു.

1974 ഓഗസ്റ്റ് 9 – മൗലാന സുബൈർ (റഹ്) (25 വയസ്സ്) അല്ലാഹുവിൻ്റെ പാതയിൽ ഒരു വർഷത്തെ യാത്ര ആരംഭിച്ചു.

Source: Sawanih Hadhratii Tsalits, I/239

1978 ഫെബ്രുവരി 10 – മദീനയിൽ താമസിച്ചിരുന്ന മൗലാന സക്കറിയ്യ (റഹ്) (അദ്ദേഹം) മൗലാന സുബൈറിനെ തൻ്റെ തരീഖത്തിൽ ബൈഅത്ത് സ്വീകരിക്കാൻ അനുമതി നൽകി. മസ്ജിദ് നബവിക്ക് മുന്നിലായിരുന്നു ചടങ്ങ്.

Source: Ahwal wa Atsar, Page 98

മസ്ജിദ് നബവി – ഒരു പഴയ ചിത്രം

മൗലാനാ സുബൈർ സാബ്(റഹ്) തൻ്റെ നാല് മഷായിഖുകളിൽ നിന്ന്, അതായത് 1. മൗലാനാ ഇൻആമുൽ ഹസൻ(റഹ്), 2. മൗലാനാ സകരിയ്യ (റഹ്), 3. മൗലാനാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വി(റഹ്), 4. മൗലാനാ ഇഫ്തിഖാർ-ഉൽ ഹസൻ (റഹ്) എന്നീ നാല് തരീഖത്തുകളുടേയും മഷായീഖീങ്ങളിൽ നിന്ന് ഇജാസത്ത് നേടിയിട്ടുണ്ട്. ഏത് നിലയിൽ നോക്കിയാലും, സ്വന്തം ഇലാഹീസ്നേഹവും ആത്മാർപ്പണവും കൈമുതലാക്കി കൈവരിച്ച ഈ ആത്മീയനേട്ടങ്ങൾ ലോകം മുഴുവനുള്ള ആന്തരിക സംസ്‌കരണ സരണിയിലെ ആസാധാരണമായ ഒരേടാണ്.

Source: Ahwal wa Atsar, Page 107

1980 ജൂലൈ 27 – മൗലാന ഹാഫിസ് മഖ്ബുൽ(റഹ്) അന്തരിച്ചു. 1932-ൽ മൗലാന ഇല്യാസ്(റഹ്) തയ്യാറാക്കിയ ആദ്യത്തെ ജമാഅത്തിൻ്റെ അമീറായിരുന്നു അദ്ദേഹം. മൗലാന ഇല്യാസ്(റഹ്) തൻ്റെ പിൻഗാമിയായി (അടുത്ത അമീറായി) മഷൂറയിൽ അഭിപ്രായപ്പെട്ടത് മൗലാന ഹാഫിസ് മഖ്ബുൽ(റഹ്)യുടെ പേരായിരുന്നു. എന്നാൽ മൗലാന അബ്ദുൾ ഖാദർ റായ്‌പൂരി (റഹ്) തുടങ്ങിയവരുടെ അഭിപ്രായം പരിഗണിച്ച് മൗലാനാ യൂസഫ് (റഹ്)യെ തീരുമാനിക്കപ്പെടുകയായിരുന്നു.

Source: Ahwal wa Atsar, Page 387

1982 മെയ് 24 – മദീന അൽ മുനവ്വറയിൽ വെച്ച് 84 മത്തെ വയസ്സിൽ മൗലാനാ സക്കരിയ്യ കന്ധലവി(റഹ്) അല്ലാഹുവിലേക്ക് മടങ്ങി. അദ്ദേഹത്തെ സ്വഹാബത്തിൻ്റെ ഖബർസ്ഥാനായ ‘ജന്നത്തുൽ ബഖി‘യിൽ അടക്കം ചെയ്തു . മൗലാനയുടെ നാവിൽ നിന്നുള്ള അവസാന വാക്കുകൾ ‘അല്ലാഹു….അല്ലാഹു” എന്നായിരുന്നു. മഗ്‌രിബിന് മുമ്പ് 17:40 ന് അദ്ദേഹം വഫാത്താവുകയും അതേ ദിവസം ഇശാക്ക് ശേഷം ഖബറടക്കുകയും ചെയ്തു.

Source: The Life of Maulana Muhammad Yahya, Page 308

1983 നവംബർ 4 – പാകിസ്ഥാനിലെ റായ്‌വണ്ട് ഇജ്‌തിമ നടത്തി, അതിൽ പരിശ്രമത്തിലെ മുതിർന്നവരെല്ലാം പങ്കെടുത്തു. ആ സമ്മേളനത്തിനു ഒരാഴ്ചയ്ക്ക് ശേഷം, നവംബർ 12 ന് കൂടിയ ലോക മഷൂറയിൽ മൗലാനാ ഇനാമുൽ ഹസൻ(റഹ്) തബ്‌ലീഗിന് ഒരു ശൂറാ സമ്പ്രദായം എന്ന ആശയം ആദ്യമായി അവതരിപ്പിച്ചു.

Source: Ahwal wa AtsarPage 311Page 450

അന്നുമുതൽ മൗലാനാ ഇനാമുൽ ഹസൻ(റഹ്) ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളിലും ലോകത്തിൻ്റെ പല ഭാഗങ്ങളിലും ശൂറകൾ സ്ഥാപിച്ചു.

Source: Letter written by Maulana Shahid Saharanpuri to Maulana Saleemullah Khan

1993 മെയ് 20 – മൗലാന ഇനാമുൽ ഹസൻ(റഹ്)യുടെ നില വഷളായി. അദ്ദേഹം മക്കയിൽ കുഴഞ്ഞുവീണു. 1990 മുതൽ ഇത് ഏഴാം തവണയാണ് അദ്ദേഹം രോഗാവസ്ഥയിലാവുന്നത്.

Source: Sawanih Hadhratji Tsalits, III/440

1993 മെയ് – ഹജ്ജ് സീസണിൽ, മക്കയിൽ, മൗലാന ഇനാമുൽ ഹസൻ(റഹ്) മുഫ്തി സൈനൽ ആബിദീൻ(റഹ്), മൗലാന സയീദ് അഹമ്മദ് ഖാൻ(റഹ്), ഹാജി അഫ്ദൽ (റഹ്), ഹാജി അബ്ദുൾ മുഖിത്(റഹ്), ഹാജി അബ്ദുൾ വഹാബ്(റഹ്) എന്നിവരോടും മറ്റ് നിരവധി മുതിർന്നവരുടെ മുമ്പാകെ ഒരു പ്രസംഗം നടത്തി: “അസുഖം കാരണം എൻ്റെ ആരോഗ്യം മോശമായിക്കൊണ്ടിരിക്കുകയാണെന്ന് നിങ്ങൾക്കറിയാം. എനിക്ക് ഇപ്പോൾ പഴയ ആരോഗ്യമില്ല. ദീനിൻ്റെ പരിശ്രമം ഇതിനകം ലോകമെമ്പാടും വ്യാപിച്ചു കഴിഞ്ഞു, ഇപ്പോൾ എനിക്ക് ഇതിൻ്റെ ഭാരം ഒറ്റയ്ക്ക് താങ്ങാൻ സാധിക്കുന്നില്ല. ഇതുകൊണ്ട് പരിശ്രമത്തിനെ സഹായിക്കുന്ന ഒരു ശൂറ രൂപീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

Source: Dakwah wa Tabligh Azhim Mehnat ke Maujudah Halat, Page 15,16

1993 ജൂൺ 14 – നിസാമുദ്ദീൻ മർകസിൽ, എല്ലാ മുതിർന്നവരും മൗലാന ഇനാമുൽ ഹസ്സൻ(റഹ്) മുറിയിൽ ഒത്തുകൂടി. അവർ: മൗലാനാ സഈദ് അഹ്മദ് ഖാൻ(റഹ്, മുഫ്തി സൈനൽ ആബിദീൻ(റഹ്), ഹാജി അഫ്ദൽ (റഹ്), ഹാജി അബ്ദുൾ മുഖിത്(റഹ്), ഹാജി അബ്ദുൾ വഹാബ്(റഹ്), മൗലാന ഇസ്ഹാറുൽ ഹസൻ(റഹ്), മൗലാന ഉമർ പാലൻപുരി(റഹ്), മൗലാന സുബൈർ(റഹ്) എന്നിവരായിരുന്നു.

ഹസ്രത്ത്ജി മൗലാന ഇനാമുൽ ഹസൻ(റഹ്) അവിടെയുണ്ടായിരുന്നവരോട് പറഞ്ഞു, “എൻ്റെ ആരോഗ്യസ്ഥിതി ഇപ്പോൾ നിങ്ങൾക്കറിയാം. എൻ്റെ ആരോഗ്യം ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്, അതേസമയം ഈ ജോലി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എനിക്ക് ഈ ജോലി ഇനി തനിയെ കൈകാര്യം ചെയ്യാൻ കഴിയില്ല. നമുക്ക് ഒരുമിച്ച് പ്രവർത്തിക്കണം. ” എന്നിട്ട് പറഞ്ഞു, ഇനി മുതൽ നിങ്ങളാണ് എൻ്റെ ശൂറാ. കൂടാതെ രണ്ട് പേരുകൾ കൂടി ചേർക്കുക; മിയാജി മെഹ്‌റാബ് (റഹ്)യും മൗലാന സാദും. അല്ലാഹുവിൻ്റെ ഇച്ഛയനുസരിച്ച്, ഈ പത്ത് പേരുടെ ശൂറയോടൊപ്പം, ഈ ജോലി നന്നായി തുടരും.

സ്ഥാപിതമായ ശൂറയിലെ അംഗങ്ങൾ ഇവരാണ്:
(1) മൗലാന സയ്യിദ് അഹമ്മദ് ഖാൻ (റഹ്)
(2) മുഫ്തി സൈനൽ ആബിദീൻ(റഹ്)
(3) ഹാജി അഫ്ദൽ സാബ് (റഹ്)
(4) ഹാജി അബ്ദുൾ മുഖിത് സാബ്(റഹ്)
(5) ഹാജി അബ്ദുൾ വഹാബ് സാബ്(റഹ്)
(6) മൗലാന ഇസ്ഹാറുൽ ഹസ്സൻ(റഹ്)
(7) ) മൗലാന ഉമർ പാലൻപുരി(റഹ്)
(8) മൗലാന സുബൈർ(റഹ്)
(9) മിയാജി മെഹ്‌റാബ് മേവാത്തി(റഹ്)
(10) മൗലാന സാദ് സാബ്.

Source: Dakwah wa Tabligh Azhim Mehnat ke Maujudah Halat, Page 16

1993 ജൂൺഫൈസൽ (തീരുമാനിക്കുന്ന ആൾ) മാറി മാറി വരുന്ന രീതി.

ശൂറ രൂപീകരിച്ചതിന് ശേഷം മൗലാനാ സഈദ് അഹ്മദ് ഖാൻ(റഹ്) നിയുക്ത ഷൂറയുടെ മുന്നിൽ വെച്ച് മൗലാനാ ഇനാമുൽ ഹസൻ(റഹ്)യോട് ചോദിച്ചു, “നിങ്ങൾ ഇവിടെ ആയിരിക്കുമ്പോൾ നിങ്ങളാണ് ഞങ്ങളുടെ അമീറും ഫൈസലും. പക്ഷേ നിങ്ങൾ അവിടെ ഇല്ലെങ്കിൽ, ഞങ്ങൾ എങ്ങനെ ഒരു ഫൈസലിനെ (അഭിപ്രായങ്ങൾ കേട്ട ശേഷം തീരുമാനമെടുക്കുന്ന വ്യക്തിയെ) തീരുമാനിക്കും?”. മൗലാന ഇനാമുൽ ഹസ്സൻ(റഹ്) മറുപടി പറഞ്ഞു, “നിങ്ങളിൽ നിന്ന് ഓരോരുത്തരും മാറിമാറി ഫൈസലായി തിരഞ്ഞെടുക്കപ്പെടണം .”

Source: Dakwah wa Tabligh Azhim Mehnat ke Maujudah Halat, Page 12

അല്ലാഹുവിൻ്റെ മാർഗത്തിൽ സമയം ചിലവഴിക്കാതിരുന്നിട്ടും എന്തുകൊണ്ട് മൗലാനാ സാദിനെ ഉൾപ്പെടുത്തി?

മൗലാനാ ഇനാമുൽ ഹസ്സൻ(റഹ്) ബോധപൂർവം മൗലാനാ സാദ് സാഹിബിനെ ശൂറയിൽ ഉൾപ്പെടുത്തി. കാരണം മേവാത്ത് ചില പ്രത്യേക വ്യക്തികളിൽ നിന്ന് എന്തെങ്കിലും ഫിത്‌നകൾ ഉണ്ടാകാതിരിക്കാൻ അദ്ദേഹം ആഗ്രഹിച്ചു. മൗലാനാ യൂസഫ്(റഹ്)യുടെ മരണശേഷം സംഭവിച്ചതിന് സമാനമായ ഫിത്‌നകൾ പിന്നെയും ഉടലെടുക്കുമെന്ന് അദ്ദേഹം ഭയപ്പെട്ടു. അതുകൊണ്ടാണ് പ്രായമോ (വെറൂം 26 വയസ്സായിരുന്ന് മൗലാന സാദ് സാബിന് ) അനുഭവജ്ഞാനമോ (അദ്ദേഹം മൂന്ന് ദിവസം പോലും ഒരു ജമാഅത്തിൽ യാത്ര ചെയ്തിട്ടില്ല) ഒന്നും പരിഗണിക്കാതെ അദ്ദേഹത്തെ ആലമീ ശൂറായിലേക്ക് തിരഞ്ഞെടുത്തത്.

ഇന്നുവരെ മൗലാനാ സാദ് സാബ് ജമാഅത്തിൽ സമയം ചെലവഴിച്ചിട്ടില്ല!

Source 1: C Amaantullah’s Detail Explanation.

Source 2: Haji Abdul Wahab Sahab, Raiwind Ijtema 2017 (Maulana Saad has not spent even 40 days in the Path of Allah)

മൗലാനാ ഇനാമുൽ ഹസ്സൻ(റഹ്) ഒരിക്കലും തൻ്റെ മകൻ മൗലാന സുബൈർ (റഹ്)യെ തൻ്റെ പിൻഗാമിയാക്കാൻ ഉദ്ദേശിച്ചിരുന്നില്ല. ദഅ്‌വത്തു തബ്‌ലീഗിൻ്റെ അടുത്ത അമീറാകാൻ മൗലാന സുബൈറിന് ഉയർന്ന യോഗ്യതയുണ്ടായിരുന്നിട്ടും, ഈ പരിശുദ്ധമായ ദഅ്‌വത്തിൻ്റെ പരിശ്രമം, ഒരിക്കലും ക്രമപ്രകാരമോ, കുടുംബപരമ്പരയെയോ, ബന്ധുക്കളെയോ അടിസ്ഥാനമാക്കിയുള്ളതല്ലെന്ന് ലോകത്തിനെ ബോധ്യപ്പെടുത്താൻ അദ്ദേഹം ആഗ്രഹിച്ചു. മൗലാന സുബൈർ(റഹ്) ഒരു വർഷം അല്ലാഹുവിൻ്റെ മാർഗത്തിൽ ചെലവഴിച്ച വ്യക്തിയാണ്. പിതാവിനോടൊപ്പം ദഅ്‌വത്തിൻ്റെ വിവിധ യാത്രകൾ പങ്കെടുത്തിട്ടുള്ള അദ്ദേഹം മൗലാന സക്കരിയ്യ(റഹ്) യുടെ പ്രിയ ശിഷ്യനുമായിരുന്നു. മാത്രമല്ല, അവർ ഇരുവർക്കും വേണ്ടി ബൈഅത്ത് സ്വീകരിക്കാനുള്ള ഇജാസത്ത് (അനുമതി) അദ്ദേഹം നേടിയിരുന്നു. ഇത്രയും യോഗ്യതകളൊക്കെ ഉണ്ടായിരുന്നിട്ടും മൗലാനാ ഇനാമുൽ ഹസൻ(റഹ്) അദ്ദേഹത്തെ പിൻഗാമിയായി തന്റെ മകനായ മൗലാന സുബൈർ (റഹ്)യെ നിയമിക്കാതെ ഒരു ശൂറയെ രൂപീകരിക്കുകയാണ് ചെയ്തത്.

മൗലാനാ ഇബ്രാഹിം ദേവ്‌ല നിസാമുദ്ദീൻ മർകസിൽ എല്ലായിപ്പോഴും ഹാജരില്ലാത്തതിനാലും ദീർഘമായ ഖുറൂജുകളിൽ (അല്ലാഹുവിൻ്റെ പാതയിൽ) കൂടുതൽ സമയവും ചെലവഴിച്ചതിനാലും ശൂറയിൽ നിയമിക്കപ്പെട്ടില്ല.

1994 മാർച്ച് 31 – ആരോഗ്യനില വഷളായതിനെത്തുടർന്ന് ഹൈദരാബാദിലെ സമ്മേളനത്തിൽ വെച്ച് ബൈഅത്ത് ചെയ്യുന്നതിനിടെ മൗലാന ഇനാമുൽ ഹസൻ(റഹ്) ബോധരഹിതനായി.

Source: Ahwal wa Atsar, Page 148

1994 ജൂൺ 22 മുതൽ ജൂലൈ 2 വരെ – മൗലാന ഇനാമുൽ ഹസൻ(റഹ്) ഡ്യൂസ്‌ബെറിയിൽ ഒരു സമ്മേളനത്തിനായി ഇംഗ്ലണ്ടിലേക്ക് യാത്ര നടത്തി. ദഅ്‌വത്തിൻ്റെ യാത്രകളിൽ മൗലാന ഇനാമുൽ ഹസൻ (റഹ്)യുടെ അവസാന വിദേശയാത്രയായിരുന്നു ഇത്. ഏകദേശം 80,000 പേർ സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.

Source: Sawanih Hadhratji Tsalits, III/139

1995 മാർച്ച് 29 – മൗലാന ഇനാമുൽ ഹസൻ(റഹ്) എല്ലാ ശൂറകളോടും കൂടി ഹജ്ജ് ചെയ്തു. മൗലാനാ ഇനാമുൽ ഹസൻ(റഹ്) തൻ്റെ ജീവിതകാലത്ത് 17 തവണ ഹജ്ജ് ചെയ്തിട്ടുണ്ട്. മഹാനവറുകളുടെ അവസാനത്തെ ഹജ്ജായിരുന്നു അത്.

ഈ ഹജ്ജ് വേളയിൽ, മൗലാനാ ഇനാമുൽ ഹസ്സൻ(റഹ്)യും മുഴുവൻ ശൂറയോടോപ്പം ശ്രീലങ്ക മുതൽ ഓസ്‌ട്രേലിയ വരെ ഒരു നീണ്ട സഫർ (ദീനീയാത്ര) മുഷാവറയിൽ തീരുമാനിക്കപ്പെട്ടു.

Source: Ahwal wa Atsar, Page 183

1995 ജൂൺ 6 – ഇന്ത്യയിലെ യുപിയിലെ മുസാഫർ നഗറിലെ സമ്മേളനമാണ് മൗലാന ഇനാമുൽ ഹസൻ(റഹ്) പങ്കെടുത്ത അവസാന ഇജ്‌തിമ. തൻ്റെ അവസാനത്തെ ബയാനിൽ, അദ്ദേഹം അല്ലാഹുവിനെ സ്തുതിക്കുകയും നബി صلى الله عليه وسلم യെ അഭിവാദ്യം ചെയ്യുകയും ചെയ്ത ശേഷം ആദ്യം പറഞ്ഞു – “അല്ലാഹു താഅ്ല കുടുംബത്തെയും വംശപരമ്പരയെയും നോക്കുന്നില്ല, ഒരു വ്യക്തിയുടെ പ്രവൃത്തികളിലേക്കാണ് നോക്കുന്നത്. ഒരു വ്യക്തിക്ക് സൽകർമ്മങ്ങൾ ഉണ്ടെങ്കിൽ, അവൻ അല്ലാഹു താഅ്ലയുടെ സമീപസ്ഥനാണ് . നേരെമറിച്ച്, ഒരു വ്യക്തിയുടെ പ്രവൃത്തികൾ മോശമാണെങ്കിൽ, അവൻ അല്ലാഹുവിൽ നിന്ന് വളരെ അകലത്തിലാണ്.”

Source: Sawanih Hadhratii Tsalits, III/365

തബ്‌ലീഗ് ജമാഅത്ത്: ആലമീ-ശൂറയുടെ കാലഘട്ടം

1995 ജൂൺ 10 – പുലർച്ചെ 1.20 ന് ഹസ്രജി മൗലാന ഇനാമുൽ ഹസൻ(റഹ്) തന്റെ 77-മത്തെ വയസ്സിൽ അല്ലാഹുവിലേക്ക് മടങ്ങി. “അല്ലാഹുവിന് നന്ദി” എന്നായിരുന്നു അദ്ദേഹത്തിൻ്റെ അവസാന വാക്കുകൾ. അതായിരുന്നു മഹനവറുകളുടെ അവസാന ശ്വാസം. അദ്ദേഹത്തിൻ്റെ ജനാസയിൽ ലോകമെമ്പാടുമുള്ള അരലക്ഷം ആളുകൾ പങ്കെടുക്കുകയും ജനാസ നമസ്കരിക്കുകയുംചെയ്തു. മൗലാനാ യൂസുഫ് (റഹ്)യുടെ ഖബറിനരുകിൽ തന്നെ അടക്കം ചെയ്തു.

Source: Sawanih Hadhratji Tsalits, III/368, 369

1995 ജൂൺ 10 മുതൽ 12 വരെ – മുഴുവൻ ശൂറയും (ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന്) നിസാമുദ്ദീൻ്റെ മർകസിൽ 3 ദിവസമെടുത്ത ഒരു മഷ്‌വറയ്കായി ഒത്തുകൂടി. മഷ്‌വറയുടെ പ്രധാന തീരുമാനങ്ങൾ ഇപ്രകാരമായിരുന്നു:-

  • ഇനി മുതൽ, പരിശ്രമത്തിൻ്റെ ഉത്തരവാദിത്തം ഒരു വ്യക്തിയിലായിരിക്കില്ല; എന്നാൽ ഒരു ആലമീശൂറ ഇതിൻ്റെ ഉത്തരവാദിത്തം നിവ്വഹിക്കും.
  • ആലമീ ശൂറയിൽ നിന്ന് നിസാമുദ്ദീനിൽ മുഖീമായവർ നിസാമുദ്ദീനിലെ ശൂറാ അംഗങ്ങളായിരിക്കും. അവർ അവിടുത്തെ ദൈനം ദിനേനയുള്ള കാര്യങ്ങൾ മഷൂറ ചെയ്ത് തീരുമാനിക്കും.
  • നിസാമുദ്ദീനിൽ നടന്നു വന്നിരുന്ന “ബൈഅത്ത്” ഇനി മുതൽ ഉണ്ടാവില്ല.

Source 1: Tablighi Markaz Nizamuddin Kuch Haqaiq, Page 3

Source 2: Ahwal wa Atsar, Page 421

Source 3: Dr Khalid Siddiqui’s Letter

Source 4: Maulana Yaqub’s letter

Source 5: Haji Abdul Wahab’s statement/letters

അന്ന് 72 വയസ്സുണ്ടായിരുന്ന ഹാജി അബ്ദുൾ വഹാബ്(റഹ്) ഈ മഷ്‌വറയുടെ സംഭവങ്ങൾ വ്യക്തമായി പറയുന്നതിങ്ങനെ:-

“മൗലാനാ ഇനാമുൽ ഹസൻ(റഹ്) വിയോഗത്തിന് ശേഷം ഞങ്ങൾ ഒരു മഷൂറയിൽ ഇരുന്നു. എന്നെ അമീറായി നിയമിച്ചാൽ, മൗലാന സുബൈർ സാബിനെ അമീറായി ആഗ്രഹിക്കുന്നവർ ഈ പരിശ്രമത്തിൽ നിന്ന് വിട്ടു പോകുമെന്ന് മൗലാന സാദ് സാബ് പറഞ്ഞു. തിരിച്ച് മൗലാനാ സുബൈർ സാബിനെ അമീറാക്കിയാൽ എന്നെ (മൗലാന സാദ് സബിനെ) ഇഷ്ടപ്പെടുന്നവർ ഈ പരിശ്രമത്തിൽ നിന്ന് വിട്ടു പോകുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. അതിനാൽ ഈ പരിശ്രമം ഒരു മഷൂറയിൽ (ശൂറയിൽ) കൂടിയാണ് മുന്നോട്ട് പോകേണ്ടത്, വ്യക്തികളിലൂടെയല്ല. ബൈഅത്ത് അവിടെ നടക്കുകയില്ല. എല്ലാവരും ഈ കാര്യം സമ്മതിച്ചു”

Source: Haji Abdul Wahab Sahab (Audio), Raiwind November 2016

1995 ജൂൺ – ആ സമയം, അദ്ദേഹത്തിന് ഉണ്ടായിരുന്ന വിവിധ യോഗ്യതകൾ കണക്കിലെടുക്കുമ്പോൾ, മൗലാന സുബൈർ(റഹ്) അടുത്ത അമീറാകണമെന്ന് ആഗ്രഹിച്ചവരിൽ നിരാശയുടെ ഒരു അവസ്ഥ ഉണ്ടായിരുന്നു, എന്നാൽ, തന്നെ അമീറായി നിയമിക്കാത്തതിൽ മൗലാന സുബൈർ(റഹ്)യ്ക്ക് ഒരു നിരാശയും ഉണ്ടായില്ല. മൗലാന സുബൈർ(റഹ്) തന്നെ ഈ തീരുമാനം ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും കാര്യം നല്ല രീതിയിൽ അവസാനിപ്പിക്കുകയും ചെയ്തു.

Source: Tablighi Markaz Nizamuddin Kuch Haqaiq, Page 3

അന്ന് മൗലാന സാദ് സാബിന് 30 വയസ്സായിരുന്നു പ്രായം. മേവാത്തിലെ ജനങ്ങൾ അല്ലാതെ, തബ്‌ലീഗിൽ അദ്ദേഹം അത്രയൊന്നും അറിയപ്പെട്ട വ്യക്തിയായിരുന്നില്ല. അദ്ദേഹത്തിന് ഇതുവരെ ഇസ്‌ലാഹീ തഅല്ലുഖ് അഥവാ ആത്മീയ വഴികാട്ടിയായ ഒരു ശൈഖിൻ്റെ സഹവാസം ഉണ്ടായിട്ടില്ല. ഇജ്ത്തിമാകളിൽ പങ്കെടുത്തതല്ലാതെ അല്ലാഹുവിൻ്റെ പാതയിൽ ജമാഅത്തായി ഖൂറൂജ് നടത്തിയിട്ടുമില്ല. ഹാജി അബ്ദുൾ വഹാബ് സാബും ചൗധരീ അമാനത്തുള്ളയും (ഇരുവരും നിസാമുദ്ദീൻ മദ്രസയുടെ ശൂറയിലെ അംഗങ്ങളാണ്) സാക്ഷ്യപ്പെടുത്തിയത് പോലെ അദ്ദേഹം ഇതുവരെ ഒരു ചില്ല (40 ദിവസം) പോലും അല്ലാഹുവിൻ്റെ മാർഗത്തിൽ ചെലവഴിച്ചിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.

1995 – മൗലാനാ ഇനാമുൽ ഹസൻ(റഹ്)യുടെ വിയോഗത്തിനു ശേഷം ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ മൗലാനാ സാദ് ഇങ്ങനെ പറഞ്ഞു തുടങ്ങിയിരുന്നു:

ദഅ്‌വത്തിൻ്റെ പരിശ്രമത്തിന്‌ രണ്ടു ശത്രുക്കളാണ് ഉള്ളത്: ഒന്ന് ശൈഖുൽ ഹദീസ് മൗലാനാ സക്കരിയ്യ ആണ്, കാരണം അദ്ദേഹം എൻ്റെ പിതാവിനെ (മൗലാന ഹാറൂൺ (റഹ്)യെ) അമീറാക്കിയില്ല; രണ്ടാമത്തെ ശത്രു മൗലാനാ ഇനാമുൽ ഹസ്സനാണ്.

മൗലാന സാദ്, 1995

അത്തരം വാക്കുകൾ വിഷലിപ്തവും പലരിലും വേദനയും രോഷവും ഉണ്ടാക്കുന്നതായിരുന്നു.

Source: Ahwal Wa Atsar, Page 425

1996 – മൗലാന സുബൈർ(റഹ്) നിസാമുദ്ദീനിലെ കാശിഫുൽ ഉലൂം മദ്രസയിലെ ശൈഖുൽ ഹദീസ് ആയി. നിസാമുദ്ദീനിൽ തൻ്റെ പിതാവിൽ നിന്നും മൗലാനാ സക്കരിയ്യ(റഹ്)യിൽ നിന്നും ബൈഅത്തിനുള്ള ഇജാസത്ത് നേടിയ ഒരേയൊരു വ്യക്തിയായിരുന്നു മൗലാനാ സുബൈർ (റഹ്). എന്നിട്ടും 1995-ലെ മഷൂറ തീരുമാനം മാനിച്ച് ജീവിതാവസാനം വരെ അദ്ദേഹം ആരിൽ നിന്നും ബൈഅത്ത് എടുത്തിട്ടില്ല.

Source: Ahwal wa Atsar, Page 106Page 421

1996 – നിൽവിലുള്ള എല്ലാ ശൂറാ അംഗങ്ങളും ശ്രീലങ്കയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് സഫറിൽ പങ്കെടുത്തു. മൗലാനാ ഇനാമുൽ ഹസൻ(റഹ്)യുടെ വഫാത്തിന് മുൻപ് എടുത്ത തീരുമാനത്തെ മാനിച്ചായിരുന്നു ഈ സഫർ നടന്നത്. സഫറിനിടയിൽ ശൂറാ അംഗങ്ങൾക്കിടയിൽ നിരവധി മഷ്‌വറകൾ നടക്കപ്പെട്ടു.

Source: Ahwal wa Atsar, Page 183

1996 ഓഗസ്റ്റ് – മൗലാന ഇസ്ഹാറുൽ ഹസൻ(റഹ്) അന്തരിച്ചു. അദ്ദേഹം നിസാമുദ്ദീൻ മർകസ്സിലെ ഏറ്റവും മുതിർന്ന ശൂറാംഗമായിരുന്നു . മസ്ജിദ് ഇമാം, നിസാമുദ്ദീൻ കാഷിഫുൽ ഉലൂം മദ്രസയിലെ ശൈഖുൽ ഹദീസ്, പ്രധാനാധ്യാപകൻ, നിസാമുദ്ദീൻ മർകസിൻ്റെ വരവുചിലവുകളുടെ മേൽനോട്ടം എന്നീ നിലകളിലും മഹാനവറുകൾ പ്രവർത്തിച്ചു. അദ്ദേഹത്തിൻ്റെ മരണശേഷം, മൗലാന സാദ് സാബാണ് മർകസിൻ്റെ ട്രഷറിയും സാമ്പത്തിക കാര്യങ്ങളും ഏറ്റെടുത്തത്. അതിനു ശേഷം ഇതുവരെ, നിസാമുദ്ദീൻ മർകസിൻ്റെ സാമ്പത്തിക വിവരങ്ങൾ ശൂറയിൽ വരികയോ, ഓഡിറ്റ് ചെയ്യപ്പെടുകയോ ഉണ്ടായിട്ടില്ല.

Source: Tablighi Markaz Nizamuddin Kuch Haqaiq, Page 4

1997 മെയ്മൗലാന ഉമർ പാലൻപുരി(റഹ്) വഫാത്തായി. അദ്ദേഹത്തെ ‘തബ്‌ലീഗിൻ്റെ ശബ്ദം’ അല്ലെങ്കിൽ ‘തബ്‌ലീഗിൻ്റെ മുത്തഖല്ലിം’ എന്നാണ് അറിയപ്പെട്ടിരുന്നത്.

Source: Tabligh Markaz Nizamuddin Kuch Haqaiq, Page 5

1997 ഓഗസ്റ്റ് – മിയാജി മെഹ്‌റാബ് സാബ് (റഹ്) വഫാത്തായി.

Source: Tabligh Markaz Nizamuddin Kuch Haqaiq, Page 5

1998 – എല്ലാ ശൂറാ അഗംങ്ങളും നിരവധി ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് സഫറിൽ പോയി, അതായത്; കെനിയ, മലാവി, സാംബിയ, മൊസാംബിക്, സിംബാബ്‌വെ, ദക്ഷിണാഫ്രിക്ക, റീ-യൂണിയൻ, മഡഗാസ്‌കർ, മൗറീഷ്യസ്. യാത്രയ്ക്കിടയിലെ എല്ലാ മഷൂറകളിലും ശൂറാ അഗംങ്ങൾ മാറി മാറി ഫൈസലകൾ ആയികൊണ്ടിരുന്നു.

Source: Ahwal wa Atsar, Page 190

1999 ഒക്ടോബർ 18 – ആലമീ ശൂറ അംഗം ഹാജി അബ്ദുൾ മുഖിത്(റഹ്) ബംഗ്ലാദേശിൽ വഫാത്തായി. അദ്ദേഹം മൗലാനാ ഇല്യാസ് (റഹ്)യുടെ കാലത്ത് ജീവിച്ചിരുന്ന വ്യക്തിയായിരുന്നു.

Source: Maujudah Ahwal kiWadhahat se Muta’alliq, Page 13

1999 നവംബർ 15 – ലോക ശൂറാ അംഗമായ മൗലാന സഈദ് അഹ്മദ് ഖാൻ(റഹ്) മദീന മുനവ്വറയിൽ വെച്ച് വഫാത്തായി, ജന്നത്തുൽ ബഖിയിൽ ഖബറടക്കി.

Source: Ahwal wa Atsar, Page 319

1999 – പത്ത് ശൂറ അംഗങ്ങളിൽ 5 പേർ അന്തരിച്ചു, 5 പേർ അവശേഷിച്ചു, അതായത്: മുഫ്തി സൈനൽ ആബിദീൻ(റഹ്) (ഫൈസലാബാദ് പാകിസ്ഥാൻ), ഹാജി അഫ്ദൽ(റഹ്), ഹാജി അബ്ദുൾ വഹാബ്(റഹ്), മൗലാന സുബൈർ(റഹ്), മൗലാന സാദ് സാബ്.

1999 ഡിസംബർ 31മൗലാന സയ്യിദ് അബുൽ ഹസൻ അലി നദ്‌വി(റഹ്) വഫാത്തായി. മൗലാന ഇല്യാസ്(റഹ്)യുടെ സജീവ സഹവാസം ലഭിച്ച ആളായിരുന്നു അദ്ദേഹം.

Source: Ahwal wa Atsar, Page 409

2000 – ആലമീശൂറയിലെ ശേഷിക്കുന്ന 5 എല്ലാ മുതിർന്ന പ്രവർത്തകരും അമേരിക്കയിലേക്കും യൂറോപ്പിലേക്കും സഫർ പോയി. ഈ വർഷവും രണ്ട് ശൂറ അംഗങ്ങൾ കൂടി അല്ലാഹുവിലേക്ക് മടങ്ങി. മുഫ്തി സൈനൽ ആബിദീൻ(റഹ്), ഭായ് ഹാജി അഫ്ദൽ(റഹ്) എന്നിവരായിരുന്നു അവർ. ആലമീ ശൂറയിൽ അവശേഷിച്ച് 3 അഗംങ്ങൾ – ഹാജി അബ്ദുൾ വഹാബ്(റഹ്), മൗലാന സാദ് സാബ്, മൗലാന സുബൈർ (റഹ്) എന്നിവരായിരുന്നു. മൗലാന ഇല്യാസ് (റഹ്)യോടൊപ്പം ആയിരുന്ന ഹാജി അബ്ദുൾ വഹാബ് സാബ് (റഹ്)യായിരുന്നു മൂവരിൽ ഏറ്റവും മുതിർന്നയാൾ.

2000 മുതൽ 2014 വരെ – മുഫ്തി സൈനൽ ആബിദീൻ(റഹ്), ഹാജി അഫ്ദാൽ(റഹ്) എന്നിവരുടെ വേർപാടിനോട് കൂടി, ശൂറ അംഗങ്ങളുടെ എണ്ണം കൂട്ടി ശൂറ പൂർത്തിയാക്കാൻ ചുറ്റുപാടുകളിൽ നിന്നും ആവശ്യപ്പെട്ടുകൊണ്ടിരുന്നു. വിവിധ വിഷയങ്ങൾ മുന്നോട്ട് വെച്ചതിനാൽ ഇത്തരം നിർദേശങ്ങളിൽ തീരുമാനമൊന്നും ഉണ്ടായില്ല.

2001 നവംബർ 2മൗലാനാ സാദ് സാബിൻ്റെ സംസാരത്തിലെ വഴിമാറ്റം വിമർശിക്കപ്പെടുന്നു.

മൗലാനാ സാദ് സാബ്, മൗലാന സുബൈറുൽ ഹസൻ(റഹ്), മൗലാന ഇഫ്തിഖർ ഉൾ ഹസൻ എന്നിവരെ അഭിസംബോധന ചെയ്ത് മൗലാനാ മുഹമ്മദ് ഇസ്ഹാഖ് ഉതർവി എഴുതിയ കത്തിലാണ് മൗലാനാ സാദ് സാബിൻ്റെ സംസാരത്തിലെ വഴിമാറ്റം ആദ്യമായി വിമർശിക്കപ്പെട്ടത്. 2001 നവംബർ 2-ന് മൗലാനാ സാദ് സാബ് ചെയ്ത ഒരു പ്രസംഗത്തെക്കുറിച്ച് കത്തിൽ ആശങ്ക ഉയർത്തി. ആ ബയാനിൽ മൗലാന സാദ് സാബ് ഇമാനിനെ കുറിച്ച് പറഞ്ഞത് തെറ്റായ ധാരണ ഉണ്ടാക്കുന്ന തരത്തിലായിരുന്നു. ‘അല്ലാഹു തഅ്ല ‘ഇങ്ങനെ” പറഞ്ഞു എന്ന് പ്രസ്താവിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞ കാര്യം വ്യാജമായിരുന്നു. അല്ലാഹു ഒരിക്കലും പറയാത്ത ഒരു കാര്യം അവൻ്റെ മേൽ ആരോപിക്കുക എന്നത് വലിയ തെറ്റാണ്! നഊദുബില്ലാഹ്!

Source 1: Maulana Saad se Ulama Umat ke Ikhtilaf ki Bunyadi Wujuhat, Page 7 8

Source 2: Moulana Saad – Wifaaqul Ulema Al Hind, Page 6-7

2002 – മൗലാന സാദ് സാബ് മഷൂറയില്ലാതെ തന്നെ മുൻതഖബ് ഹദീസ് എന്ന തൻ്റെ കിത്താബ് തഅ്ലിമിൽ കടത്തികൂട്ടാൻ തുടങ്ങി.

2004 മെയ് 15 – ആലമീശൂറ അംഗങ്ങളിലൊരാളായ മുഫ്തി സൈനൽ ആബിദീൻ(റഹ്) പാകിസ്ഥാനിലെ ഫൈസലാബാദിൽ വെച്ച് വഫാത്തായി.

2005 ഏപ്രിൽ 11 – ആലമീശൂറ അംഗങ്ങളിൽ ഒരാളായ പാകിസ്ഥാനിലെ ഹാജി അഫ്ദാൽ(റഹ്) അന്തരിച്ചു.

2005 – മൗലാന സാദ് സാബിൻ്റെ ബയാനെ വിമർശിച്ചുകൊണ്ട് ഒരു പ്രമുഖ കാൺപൂർ പണ്ഡിതനിൽ നിന്ന് ദാറുൽ ഉലൂം ദേവ്ബന്ദിന് ഒരു പരാതി കത്ത് വന്നു. ഈ ത്ബ്‌ലീഗ് ജമാഅത്ത് ഒരു പ്രത്യേക വിഭാഗമായി മാറിയെന്ന് അദ്ദേഹം തൻ്റെ കത്തിൽ പറഞ്ഞു. ഈ പരാതി ദിയോബന്ദിലെ ഉലമാക്കളെ ഞെട്ടിച്ചു.

2006 സെപ്തംബർ 12 – തഅ്ലിമിൻ്റെ അമലിൽ മുൻതഖബ് ഹദീസ് വായിക്കാൻ തുടങ്ങാൻ മൗലാന സാദ് സാബ് ആദ്യമായി നിസാമുദ്ദീൻ മർകസിലെ സദസ്സിനോട് നിർദ്ദേശം നൽകി. ദീനിൻ്റെ പരിശ്രമത്തിൽ ഇത് അത്യധികം ജാഗരൂകരാകേണ്ട വിഷയമായിരുന്നു, അതുകൊണ്ട് തന്നെ നിസാമുദ്ദീനിലെ മിക്കവാറും എല്ലാ മുതിർന്നവരും ഇതേക്കുറിച്ച് അതിയായ ആശങ്ക പ്രകടിപ്പിച്ചു. തബ്‌ലീഗിൻ്റെ തർതീബിൽ (രീതിയിൽ) ഇത്രയും വലിയ ഒരു മാറ്റം ഒരു മഷൂറയും ഇല്ലാതെ നടപ്പിലാക്കാൻ ശ്രമിക്കുക എന്നത് വലിയ കുഴപ്പങ്ങൾക്ക് കാരണമാകും എന്നതായിരുന്നു എല്ലാവരുടെയും ആശങ്ക. എന്നാൽ മൗലാനാ സാദ് സാബ് എല്ലാ ആശങ്കകളേയും പരിപൂർണ്ണമായി അവഗണിച്ചു കളഞ്ഞു. മുൻതഖബ് ഹദീസ് തഅ്ലിമിൻ്റെ അമലിൽ പൊതുവായി ഉൾപ്പെടുത്താൻ അദ്ദേഹം പരിശ്രമം ചെയ്യുന്നവരോട് തുടർന്നും ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു.

Source: Ahwal wa Atsar, Page 460

2010 ജനുവരി – പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിൽ ക്രമാതീതമായി വർദ്ധനവുണ്ടായതിനാൽ ടോംഗി ഇജ്‌തിമ (ബംഗ്ലദേശ് സമ്മേളനം)ആദ്യമായി രണ്ട് ഘട്ടങ്ങളിലായി നടത്താൻ ആരംഭിച്ചു.

Source: Banglapedia – Viswa Ijtema

2014 മാർച്ച് 18 – ശൈഖുൽ ഹദീസ് മൗലാന മുഹമ്മദ് സുബൈർ(റഹ്) നിസാമുദ്ദീനിലെ ബംഗ്ലാവാലി മസ്ജിദിൽ വെച്ച് ഡൽഹിയിലെ ഡോ. രാം മനോഹർ ലോഹ്യ (ആർ.എം.എൽ.) ഹോസ്പിറ്റലിൽ വെച്ച് അല്ലാഹുവിലേക്ക് മടങ്ങി. മരിക്കുമ്പോൾ അദ്ദേഹത്തിന് 63 വയസ്സായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകാനൊരുങ്ങിയപ്പോൾ അദ്ദേഹം “എനിക്ക് ഇഹ്‌റാം തുണി കൊണ്ടുവരൂ, എനിക്ക് ഉംറ ചെയ്യണം.” എന്ന് ആവശ്യപ്പെട്ടു. അദ്ദേഹത്തിൻ്റെ കുടുംബം പറഞ്ഞു, “ഇല്ല, നിങ്ങൾ ആശുപത്രിയിലാണ് പോകുന്നത്.” അദ്ദേഹം പറഞ്ഞു, “ഇല്ല, എനിക്ക് ഉംറ ചെയ്യണം. എനിക്കൊരു ഇഹ്‌റാം തുണി തരൂ.”

ഉംറ ഉദ്ദേശിച്ചാണ് മൗലാന സുബൈർ(റഹ്) ആശുപത്രിയിലെത്തിയത്. നിസാമുദ്ദീനിൽ നിന്ന് ഇറങ്ങുമ്പോൾ മൗലാന പറഞ്ഞു: “അസ്സലാമുഅലൈക്കും. വിട, നിസാമുദ്ദീൻ.”

ജീവിച്ചിരുന്നപ്പോൾ, അദ്ദേഹത്തിൻ്റെ ദുആകളിലൊന്ന്, “യാ അല്ലാഹ്, നിസാമുദ്ദീനിൽ ഫിത്‌ന വരുന്നതിന് മുമ്പ് എൻ്റെ ജീവൻ എടുത്തുകളയേണമേ” എന്നായിരുന്നു.

മൗലാന ഇഫ്തിഖാറുൽ ഹസൻ കന്ധലവി (അദ്ദേഹത്തിൻ്റെ അമ്മാവൻ) യുടെ നേതൃത്വത്തിൽ ലക്ഷക്കണക്കിന് മുസ്ലീമീങ്ങൾ അദ്ദേഹത്തിൻ്റെ ജനാസ നമസ്കാരത്തിൽ പങ്കെടുത്തു.

Source: Ahwal wa Atsar, Page 501

മൗലാന സുബൈറിർ(റഹ്) വഫാത്തിന് ശേഷം

അസ്സലാമുഅലൈക്കും, കൂടുതൽ വായിക്കുന്നതിന് മുമ്പ്, തബ്‌ലീഗിൻ്റെ യഥാർത്ഥ ചരിത്രം എത്ര കയ്പേറിയതാണെങ്കിലും പരിശ്രമത്തെ സംരക്ഷിക്കുക എന്ന സദുദ്ദേശ്യം മാത്രമാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ദയവായി മനസ്സിലാക്കുക. തലമുറകൾ വരുമ്പോൾ ഈ ചരിത്രം മറന്നുപോയേക്കാം. ഞങ്ങൾ വെറുപ്പ് പ്രോത്സാഹിപ്പിക്കുകയില്ല, തീർച്ചയായും ആരെയും അപകീർത്തിപ്പെടുത്തുകയുമില്ല. കൂടുതൽ വിശദീകരണത്തിനായി ഞങ്ങളുടെ ‘കുറ്റം ചാർത്തലോ vs മുന്നറിയിപ്പോ’ എന്ന ലേഖനം കാണുക. ഒരു മുസ്ലീം എത്ര മോശമാണെങ്കിലും അവൻ നമ്മുടെ മുസ്ലീം സഹോദരനാണ്. നമ്മൾ സ്നേഹിക്കുന്നതും വെറുക്കുന്നതും അല്ലാഹുവിന് വേണ്ടി മാത്രമാണ്.

2014 നവംബർ – മൗലാന സുബൈർ (റഹ്) വിയോഗത്തോടു കൂടി തബ്‌ലീഗി ജമാഅത്തിൽ പിളർപ്പിൻ്റെ ആരംഭമായി. അല്ലാഹുവിൻ്റെ പാതയിലേക്ക് പുറപ്പെടുന്നതിന് മുമ്പുള്ള ദുആയും മുസാഫഹയും (വിട വാങ്ങൽ ഹസ്തദാനം) സാധാരണയായി ചെയ്തിരുന്നത് മൗലാനാ സുബൈർ (റഹ്) ആയിരുന്നു. ആദ്ദേഹത്തിൻ്റെ വഫാത്തിന് ശേഷം മൂസാഫഹ ചെയ്യാൻ (പിതാവിൻ്റെ പാരമ്പര്യത്തെ ആദരിച്ചു കൊണ്ട്) അദ്ദേഹത്തിൻ്റെ മകൻ മൗലാന സുഹൈറുൽ ഹസ്സനെ തീരുമാനിച്ചു. ഇത് ആലമീ മഷൂറയിൽ വെച്ച് ഫൈസലായ ഹാജി അബ്ദുൽ വഹാബ് സാബ് തീരുമാനിച്ചതാണ്. ഈ തീരുമാനത്തിൽ മൗലാന സാദ് സാബ് വളരെ അസ്വസ്ഥനായിരുന്നു.

റായ്‌വണ്ട് സമ്മേളന സമയത്ത്, എല്ലാ മുതിർന്നവരുടെയും മുന്നിൽ, മൗലാന സുഹൈറുമായി പങ്കിടാനിരുന്ന മുസാഫാത്തിനെക്കുറിച്ചുള്ള തൻ്റെ അതൃപ്തി മൗലാനാ സാദ് വീണ്ടും ഉന്നയിച്ചു. മുസാഫാത്ത് മറ്റാരുമായും പങ്കുവെക്കാൻ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. കൂടുതൽ വിശദാംശങ്ങൾക്കായി വായിക്കുക: “മൗലാന സാദ് പ്രകോപനപരമായി ഒറ്റയ്ക്കുള്ള മുസാഫാത്ത് ആവശ്യപ്പെടുന്നു.”

Source: Ahwal wa Atsar, Page 76

കൂടുതൽ സമഗ്രമായ വിവരങ്ങൾക്ക് കാണുക: തബ്‌ലീഗ് ജമാഅത്ത് പിളർന്നതിൻ്റെ 3 കാരണങ്ങൾ

2014 ഡിസംബർ – ഭോപ്പാൽ സമ്മേളന സമയത്ത്, മുസാഫഹയ്ക്കായി വേദിയിൽ ഇരിക്കാൻ ആളുകൾ മൗലാന സുഹൈർ സാഹിബിനോട് ആവശ്യപ്പെട്ടു. ഇതിൽ കുപിതനായ മൗലാന സാദ് സാബ് വേദിയിൽ നിന്ന് ഇറങ്ങിപ്പോയി.

Source: Tablighi Markaz Nizamuddin Kuch Haqaiq

2014 – നിസാമുദ്ദീൻ മർകസിൽ സ്വയം ബൈഅത്ത് ആരംഭിച്ച് മൗലാന സാദ് സാബ് അപായം നിറഞ്ഞ ഒരു നീക്കം നടത്തി. ഇത് 1995ലെ നിശ്ചയരേഖയുടെ നേരിട്ടുള്ള ലംഘനമായിരുന്നു. താൻ ഒരിക്കലും നേരിട്ട് കണ്ടിട്ടുകൂടിയില്ലാത്ത, അതുകൊണ്ട് തന്നെ ഇജാസത്ത് ലഭിക്കാത്ത, മൗലാന ഇല്യാസ്(റഹ്)യുടെ പേരിൽ അദ്ദേഹം ബൈഅത്ത് ചെയ്യുന്നു എന്നതായിരുന്നു അതിലും ഉത്കണ്‌ഠാകരമായ കാര്യം.

Source: Maujudah Ahwal ki Wadhahat se Muta’alliq, Page 21

2014 – ഉലമാക്കളെ വിമർശിക്കുന്ന നിരവധി പ്രസംഗങ്ങൾ മൗലാന സാദ് സാബ് നടത്തി. ഈ പ്രസംഗങ്ങൾ ഏറെ വിമർശനങ്ങൾക്ക് വിധേയമായിരുന്നു. സമ്മേളനങ്ങളിലെ മൗലാനാ സാദ് സാബിൻ്റെ ബയാനുകളേയും അദ്ദേഹത്തിൻ്റെ പൊതു സംസാരങ്ങളേയും വിമർശിച്ചുകൊണ്ട് നിരവധി കത്തുകൾ ദാറുൽ ഉലൂം ദയൂബന്ദിലേക്ക് വന്നുകൊണ്ടിരുന്നു. അദ്ദേഹത്തിൻ്റെ ബയാനുകളിലെ ഉള്ളടക്കങ്ങൾ ഉലമാക്കളുടെ ഇജ്‌മാഅ്ക്ക് വിരുദ്ധവും പലപ്പോഴും ‘ഉലൂഅ്’ (ഇസ്‌ലാമിൽ അതിരുകടക്കൽ) കൊണ്ട് നിറഞ്ഞതുമാണ്.

ദാറുൽ ഉലൂം ദയൂബന്ദ് ഈ വിഷയത്തിൽ ഏതാനും വർഷങ്ങൾ നീണ്ട സമഗ്രമായ ഒരു അന്വേഷണം നടത്തി. ആദ്യം, മൗലാന സാദ് സാബിൻ്റെ മാർഗ്ഗ ഭ്രംശത്തെക്കുറിച്ചുള്ള തെളിവുകളും സാക്ഷികളും അവർ ശേഖരിച്ചു. അടുത്തതായി, ഫത്‌വ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് മൗലാന സാദ് സാബിന് കർക്കശമായ താക്കീത് നൽകാൻ വേണ്ടി അവർ ഒരു കത്ത് അയച്ചു. കാരണം സമൂഹത്തിന് അദ്ദേഹത്തിൻ്റെ കുടുംബത്തോടുള്ള ബഹുമാനവും ദഅ്‌വത്തിൻ്റെ പരിശ്രമത്തിനുള്ള നല്ല പ്രതിച്ഛായയും സംരക്ഷിക്കാൻ അവർ ആഗ്രഹിച്ചു. അവർ ഗണ്യമായ കാലയളവ് കാത്തിരുന്നെങ്കിലും മൗലാന സാദ് സാബ് യോഗ്യമായ നിലയിൽ പ്രതികരിക്കുകയുണ്ടായില്ല.

Source: Mawqif Darul Ulum Deoband, Page 5, 20

2014 മുതൽ 2015 വരെ – നിസാമുദ്ദീൻ ആസ്ഥാനത്തെ മുതിർന്നവരെല്ലാം മൗലാനാ സാദ് സാബിനോട് ബയാനുകളിൽ സൂക്ഷമത വേണമെന്ന് നിരന്തരം മുന്നറിയിപ്പ് നൽകി, പ്രത്യേകിച്ചും പൊതുജനങ്ങൾക്ക് മുന്നിൽ ബയാൻ ചെയ്യുമ്പോൾ. “സമകാലിക വിഷയങ്ങളും ഇസ്‌ലാമിക കർമ്മശാസ്ത്ര ചർച്ചയും പാടില്ല – ഇത് തബ്‌ലീഗിൻ്റെ പ്രധാനപ്പെട്ട ഉസൂലുകളിൽ ഒന്നാണ്. കൂടാതെ നാല് കാര്യങ്ങൾ ഒഴിവാക്കേണ്ടതാണ് – ‘മറ്റുള്ള ദീനി പരിശ്രമങ്ങളെ താരതമ്യപ്പെടുത്തുക’ (തഖാബുൽ), ‘നമ്മുടെതാണ് മറ്റുള്ളവയെക്കാൾ ഏറ്റവും ശ്രേഷ്ടമായത് എന്ന് പറയുക’ (തൻഖിഷ്), ‘മറ്റുള്ള ഇസ്ലാമിക സംഘടനകളെ വിമർശിക്കുക’ (തൻഖിദ്), ‘മറ്റുള്ള ദീനി പരിശ്രമങ്ങളെ തിരസ്ക്കരിക്കുക’ (തർദീദ്).

മൗലാന സാദിൻ്റെ ഉസ്താദായിരുന്ന മൗലാന ഇബ്രാഹിം ദേവ്‌ല (82 വയസ്സ്) ബയാൻ ചെയ്യുന്നതിന് മുമ്പ് മുദാഖറ ചെയ്യാൻ അദ്ദേഹത്തെ എപ്പോഴും ക്ഷണിച്ചിരുന്നു. നിർഭാഗ്യവശാൽ, മൗലാന സാദ് സാബ് അതൊന്നും ഒരിക്കലും ശ്രദ്ധിച്ചില്ല.

മൗലാനാ സാദ് സാബ് തൻ്റെ നേരെയുള്ള എല്ലാ വിമർശനങ്ങളിലും അസ്വസ്ഥനായിരുന്നു. തൻ്റെ സംരക്ഷണത്തിന് (വ്യക്തി സുരക്ഷ) എന്ന പേരിൽ അദ്ദേഹം രണ്ട് മാസത്തെ തർത്തീബ് ആരംഭിച്ചു. മേവാത്തിൽ നിന്ന് അജ്ഞാതരായ നിരവധി യുവാക്കൾ മർക്കസ് നിസ്സാമുദ്ദീനിൽ എത്തിക്കുകയുണ്ടായി . അവരിൽ ഭൂരിഭാഗവും അല്ലാഹുവിൻ്റെ മാർഗത്തിൽ ഒരു ദിവസം പോലും ചെലവഴിച്ചവരായിരുന്നില്ല. അവർ പരുക്കനായി പെരുമാറുകയും തെമ്മാടികൾക്ക് സമാനമായ മനോഭാവം കാണിക്കുകയും ചെയ്തു. അവരുടെ എണ്ണം ശരാശരി നൂറിലധികം ആയിരുന്നു. മൗലാനാ സാദ് സാബിനെ സംരക്ഷിക്കുക എന്ന പേരിൽ അദ്ദേഹത്തെ പൂർണ്ണമായി അനുസരിക്കാത്ത ഓരോരുത്തരേയും സൂക്ഷ്മമായി പിൻതുടരുക, ചാരവൃഷ്ടി നടത്തുക എന്നിവയൊക്കെയായിരുന്നു അവരുടെ ജോലി.

Source: Tablighi Markaz Nizamuddin Kuch Haqaiq, Page 13

2015 ഓഗസ്റ്റ് 18 – നിസാമുദ്ദീൻ മർകസിൽ ഉത്തർപ്രദേശിലെ മുതിർന്ന പ്രവർത്തകർക്കുള്ള ജോഡ് (പുരാനോം കാ ജോഡ്) കഴിഞ്ഞ ശേഷം മൗലാന സാദ് സാബിൻ്റെ കാവൽക്കാർ ബഹളം ഉണ്ടാക്കി. മൗലാനാ സുഹൈറുൽ ഹസ്സനെ മുസാഫഹത്ത് (ഹസ്തദാനം) ചെയ്യാൻ വന്നവരെ അവർ തടയുകയും പുറത്താക്കുകയും ചെയ്തു.

കൂടുതൽ വിശദാംശങ്ങൾ: മൗലാന സാദ് പ്രകോപനപരമായി മുസാഫഹത്ത് ആവശ്യപ്പെടുന്നു

Source: Tablighi Markaz Nizamuddin Kuch Haqaiq, Page 10

2015 ഓഗസ്റ്റ് 20നിസാമുദ്ദീൻ മർകസിൽ ഷബ്ഗുസാരി രാത്രിയിൽ ഡൽഹിയിലെ പഴയ പ്രവർത്തകരിൽ ചിലർ പ്രകോപിക്കപ്പെട്ടു. ആ സമയം നിസാമുദ്ദീൻ മർകസിൽ ഡൽഹി നിവാസികളും മൗലാന സാദ് സാബിൻ്റെ കാവൽക്കാരും തമ്മിൽ ബഹളമുണ്ടായി. മൗലാന സാദ് സാബിൻ്റെ കാവൽക്കാർ അങ്ങേയറ്റം സംശയാസ്പദമായ മനോഭാവമാണ് ചുറ്റുമുള്ളവരോട് സ്വീകരിച്ചിരിക്കുന്നത്. ഒരു വ്യക്തി മൗലാനാ സാദ് സാബിനെ തിരുത്തേണ്ട കാര്യങ്ങളുടെ ചെറിയ തെളിവുകൾ കൊണ്ടുവരുമ്പോൾ പോലും അത്തരക്കാരുടെ നേരെ അക്രമം അഴിച്ചു വിടാൻ തുടങ്ങി.

Source: Tabligh Markaz Nizamuddin Kuch Haqaiq, Page 10

2015 ആഗസ്റ്റ് 23 – സ്ഥിതി കൂടുതൽ കൂടുതൽ കുഴപ്പത്തിലായപ്പോൾ, ഒരു കൂട്ടം മുതിർന്ന മുതിർന്ന പ്രവർത്തകർ (മൗലാന ഇബ്രാഹീം സാബും പ്രൊഫ സനാഉല്ലാ സാബും ഉൾപ്പെടെ) മർകസ് മഷൂറയിൽ അവരുടെ ആശങ്കകൾ ഉന്നയിക്കാൻ ശ്രമം നടത്തി. നിസാമുദ്ദീൻ മർകസ് നിയന്ത്രിക്കുന്ന ഗുണ്ടാസംഘങ്ങളെക്കുറിച്ച് അവർ ആശങ്ക അറിയിച്ചു. എന്നാൽ, കാര്യങ്ങൾ കേൾക്കുന്നതിന് മുമ്പ് തന്നെ വിമർശിക്കപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് ബഹളമയമായമാക്കി. ആ നിമിഷം മൗലാന സാദ് സാബ് പ്രഖ്യാപിച്ചു, “…ഞാനാണ് അമീർ. അല്ലാഹു സത്യം, ഞാൻ നിങ്ങളുടെ എല്ലാവരുടെയും അമീറാണ്…” ഉടൻ തന്നെ ചോദ്യം ഉയർന്നു-“ആരാണ് നിങ്ങളെ അമീറാക്കിയത്?!” അതിന് മറുപടി ഉണ്ടായില്ല. അപ്പോൾ ഒരു മുതിർന്ന പ്രവർത്തകൻ പറഞ്ഞു-“ഞങ്ങൾ നിങ്ങളെ അമീറായി അംഗീകരിക്കുകയില്ല!”. അദ്ദേഹം കോപകുലനായി ശാപവാക്കുകൾ ഉതിർത്തു- “എന്നാൽ നിങ്ങൾ എല്ലാവരും (ജഹന്നം) നരകത്തിലേക്ക് പോ…”

Source: Audio Recording Maulana Saad Proclaims himself Amir of the Ummah

2015 സെപ്റ്റംബർ – ഫജ്ർ ബയാനിൽ മൗലാന സാദ് സാബ് പറഞ്ഞു, “ഈ മുറിയുടെ നാല് ചുവരുകൾക്കുള്ളിൽ ഞാനല്ലാതെ ഒരു അമീറുമില്ല.” അദ്ദേഹത്തിൻ്റെ പ്രസംഗത്തെ അടുത്ത ബയാനിൽ മൗലാനാ യാക്കൂബ് സാബ് എതിർത്തു. തൊട്ടടുത്ത ദിവസത്തെ ബയാനിൽ മൗലാന സാദ് സാബ് പറഞ്ഞു, “അമീർ ഇല്ലെന്ന് പറഞ്ഞ ആൾ മജ്‌നൂൻ (ഭ്രാന്തൻ) ആണ് (സ്വന്തം ഉസ്താദായ മൗലാനാ യാക്കൂബ് സാബിനെ കുറിച്ചാണ്). കൂടാതെ ഇങ്ങനെയും കൂട്ടിച്ചേർത്തു-“ഞാനല്ലാതെ ഇവിടെ ഒരു അമീറുമില്ല”.

കുറിപ്പ്: മൗലാനാ യാക്കൂബ് സാബ് മൗലാനാ സാദ് സാബിൻ്റെ ഉസ്താദും , അദ്ദേഹത്തിൻ്റെ പിതാവ് മൗലാനാ ഹാറൂൺ സാബിൻ്റെ ഉസ്താദുമാണ്.

Source: Maujudah Ahwal ki Wadhahat se Muta’alliq, Page 23

2015 ഒക്ടോബർമൗലാന സാദ് സാബിന് മേൽ വന്ന വിവിധ ഉപദേശങ്ങളും മുന്നറിയിപ്പുകളും പൂർണ്ണമായും അവഗണിക്കപ്പെട്ടു. ഇക്കാരണത്താൽ, നിസാമുദ്ദീനിലെ പഴയ പ്രവർത്തകർ എല്ലാവരും ഒരുമിച്ചിരുന്ന് ഒരു കത്തെഴുതാൻ അവർ തീരുമാനിച്ചു. നിസാമുദ്ദീൻ്റെ നിലവിലെ അവസ്ഥ, ഉലമാക്കളെ വ്രണപ്പെടുത്തിയ അദ്ദേഹത്തിൻ്റെ വിവാദപരമായ സംസാരങ്ങൾ, ദീനിൻ്റെ പരിശ്രമത്തിൽ അനുവാദമില്ലാത്ത ഉലൂഅ് എന്ന അതിരു കടക്കൽ മുതലായ വിഷയങ്ങളെക്കുറിച്ചുള്ള അവരുടെ ആശങ്കകൾ കത്തിൽ പരാമർശിച്ചു.

ഡോ. ഖാലിദ് സിദ്ദിഖി സാബ്, ഭായ് ഫാറൂഖ് അഹമ്മദ് ബാംഗ്ലൂർ, പ്രൊഫ സനാഉല്ല സാബ്, പ്രൊഫ. അബ്ദുറഹ്മാൻ സാബ്, മൗലാന ഇസ്മായിൽ സാബ് ഗോദ്ര, മൗലാന അബ്ദുറഹ്മാൻ സാബ് എന്നിവരാണ് കത്തിൽ ഒപ്പിട്ടത്.

Source: Majmoo Khutoot, Letter 5, Page 55

2015 നവംബർ 15 – പാകിസ്ഥാനിലെ റെയ്‌വണ്ട് സമ്മേളനം. നിസാമുദ്ദീൻ മർക്കസിനെ ബാധിച്ച അരാജകത്വത്തിൻ്റെ മൂലകാരണവും ഇത് നേരെയാവാനുള്ള പരിഹാരവും ആലമീഷൂറയെ പൂർത്തീകരിക്കുന്നതുവഴി അതിനെ ശക്തമാക്കലും അതോടൊപ്പം തന്നെ നിസാമുദ്ദീൽ ശരിയായ ഒരു ഷൂറ സ്ഥാപിക്കലുമാണ് എന്ന വിഷയത്തിൽ മുതിർന്ന എല്ലാവരും ഏകോപിക്കുകയുണ്ടായി.

റായ്‌വണ്ടിലെ ഹവേലിയിൽ ഒരു മഷൂറ നടന്നു. വാർഷിക റെയ്‌വണ്ട് സമ്മേളനത്തിൽ എല്ലാ മുതിർന്നവർക്കും താമസ സൗകര്യമൊരുക്കുന്ന ഒരു കെട്ടിടമാണ് ഹവേലി. റായ്‌വണ്ട് മർകസിൽ നിന്ന് ഏകദേശം 30 പേരും നിസാമുദ്ദീൻ മർകസിൽ നിന്ന് 20 പേരും ബംഗ്ലാദേശിൽ നിന്ന് 8-10 ആളുകളും നിസാമുദ്ദീൻ ബസ്തിയിൽ നിന്ന് 5 പേരും പ്രസ്തുത മഷൂറയിൽ ഹാജി മുംതാസ് സാബിൻ്റെ നേതൃത്വത്തിൽ സന്നിഹിതരായിരുന്നു. ഹാജി മുംതാസ് സാബ് മൗലാന സാദ് സാബിൻ്റെ കുട്ടിക്കാലത്ത് അദ്ദേഹത്തിൻ്റെ പരിചരണവും അധ്യാപനവും ഏറ്റെടുത്ത ആളായിരുന്നു.

Source: Maujudah Ahwal ki Wadhahat se Muta’alliq, Page 25

മഷൂറയുടെ ഫൈസൽ (തീരുമാനമെടുക്കുന്ന വ്യക്തി) ആയിരുന്ന ഹാജി അബ്ദുൾ വഹാബ് സാബ്, ആലമി ഷൂറയിലേക്ക് പുതിയ അംഗങ്ങളെ ചേർക്കാൻ തീരുമാനിച്ചു. പുതിയ ഷൂറ അംഗങ്ങൾ:

മൗലാന സാദ് സാബും വാസിഫുൽ ഇസ്ലാമും ഒഴികെയുള്ള എല്ലാ അംഗങ്ങളും മഷൂറപ്രകാരം തയ്യറക്കിയ കരാറിൽ ഒപ്പുവച്ചു.

നിസാമുദ്ദീനിൽ നിന്നുള്ള എല്ലാ ഷൂറ അംഗങ്ങളും ചേർന്ന് നിസാമുദ്ദീൻ്റെ ഷൂറയായിരിക്കുമെന്നും മഷൂറയിൽ തീരുമാനിച്ചു.

Source: Dakwah wa Tabligh Azhim Mehnat ke Maujudah Halat, Page 19,20

ഹാജി അബ്ദുൾ വഹാബ് സാബ് മഷൂറയിലെ ഫൈസൽ ആയിരുന്നിട്ടും ആലമീഷൂറയെ പൂർത്തീകരിക്കുന്ന വിഷത്തിലും നിസാമുദ്ദീനിൽ ഒരു ഷൂറാ തർത്തീബ് ഉണ്ടാവുന്ന വിഷത്തിലും മൗലാനാ സാദ് സാബ് ശക്തമായി വിയോജിച്ചു.

മൗലാന സാദ് സാബ് ഷൂറ പൂർത്തീകരിക്കുന്നതിനെ എതിർത്തുകൊണ്ട് ഹാജി അബ്ദുൾ വഹാബിനോട് ഇങ്ങനെ പറഞ്ഞു – “ഇത് അനാവശ്യമാണ്. ഇതിനോട് എനിക്ക് യോജിപ്പില്ല. ശൂറ നിർണ്ണയിക്കാൻ നിങ്ങൾക്ക് എന്ത് അവകാശമാണ്? നിങ്ങൾക്ക് ഒരു അവകാശവുമില്ല! ഇത് ഇവിടെ ചർച്ച ചെയ്യേണ്ട വിഷയമല്ല. ഇത് നിസാമുദ്ദീനിലാണ് ചർച്ച ചെയ്യേണ്ടത്!”. മശ്‌വറയിൽ സന്നിഹിതനായ ഹാജി മുംതാസ് സാബ് പ്രതികരിച്ചു -“നിസ്സമുദ്ദീൻ മഷൂറയിൽ തീരുമാനിക്കണം എന്ന് പറഞ്ഞപ്പോൾ -” ഇതൊരു വലിയ മഷൂറയിൽ തീരുമാനിക്കേണ്ട കാര്യമാണന്ന കാരണം പറഞ്ഞ് അന്ന് നിങ്ങൾ തന്നെ അതിനെ നിരാകരിച്ചു, എന്നാൽ ഇപ്പോൾ വിഷയം ഇവിടെ തീരുമാനിക്കാൻ സാധ്യമല്ലെന്നും പറയുന്നു – ഇത് എങ്ങനെ ശരിയാകും?” മൗലാന സാദ് സാബ് പറഞ്ഞു, “നിസാമുദ്ദീൻ മർകസ്സിൽ ഇപ്പോൾ ഒരു ഷൂറ ഉണ്ടല്ലോ?”. അപ്പോൾ “അങ്ങനെയെങ്കിൽ ആ ഷൂറ ആരൊക്കെയാണെന്ന്” ചോദിച്ചു. മൗലാന സാദ് സാബ് മറുപടി പറഞ്ഞു: “ഞങ്ങൾ തിരിച്ചെത്തിയാൽ ഉടൻ തന്നെ അത് രൂപീകരിക്കും. തുടർന്ന് മൗലാന സാദ് സാബ് ഹാജി അബ്ദുൾ വഹാബ് സാബിനോട് ഇങ്ങനെ പറഞ്ഞു, “എനിക്കിനി നിങ്ങളെ അനുസരിക്കാൻ താത്പര്യമില്ല! ഇനി നിങ്ങളെ അനുസരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല!”. കുട്ടിക്കാലം മുതൽ വർഷങ്ങളോളം അരുമയോടെ മൗലാന സാദ് സാബിനെ പരിപാലിച്ചിരുന്ന ഹാജി മുംതാസ് സാബിന് പോലും തൻ്റെ വളർത്തു മകനോട് അനിഷ്ടമുണ്ടാവാൻ ഈ സംഭവം കാരണമായി.

മൗലാനാ സാദ് സാബ് തന്നെ സ്വയം അമീറായി പ്രഖ്യാപിച്ചതിനെ കുറിച്ച് മഷ്‌വറയിൽ ചോദിക്കപ്പെട്ടു (23/8/2015). പക്ഷേ മൗലാന സാദ് സാബ്അത് നിഷേധിക്കുകയാണ് ഉണ്ടായത്. തുടർന്ന് അദ്ദേഹത്തിൻ്റെ സംസാരത്തിൻ്റെ റിക്കോർഡ് ചെയ്ത പ്രസ്തുത ഭാഗം കേൾപ്പിക്കുകയും തുടന്ന് ആ സമയത്ത് താൻ ദേഷ്യപ്പെട്ടു അങ്ങനെ പറഞ്ഞുവെന്ന് അദ്ദേഹം സ്വയം സമ്മതിക്കുകയും ചെയ്തു.

Source: Tablighi Markaz Nizamuddin Kuch Haqaiq, Page 14

സമ്മേളനത്തിനെത്തിയ മുതിർന്ന പ്രവർത്തകരുടെ അഭിപ്രായ സമന്വയത്തോടെ ഹാജി അബ്ദുൾ വഹാബ് സാബിന്റെ ഫൈസലയിൽ ആലമീ ഷൂറ നിശ്ചയിക്കപ്പെട്ടു. പതിനൊന്ന് പേരുകൾ തീരുമാനിച്ചു. മൗലാന സാദ് സാബും വാസിഫുൽ ഇസ്ലാം സാബും ഒഴികെ മറ്റെല്ലാവരും ഒപ്പുവെച്ചു.

Source: World Alami Shura Appointment Letter 2015

2015 നവംബർ 16 – മുതിർന്ന പ്രവർത്തകരുടെ മുമ്പാകെ നിരാശനും കോപാകുലനുമായ മൗലാന സാദ് സാബ് ഉടൻ തന്നെ ദേഷ്യം കാരണം റെയ്‌വണ്ടിൽ നിന്നും യാത്രയായി.

Source: Tablighi Markaz Nizamuddin Dehli Kuch Haqaiq Kuch Waqiat, Page 11

2015 നവംബർ 17 – മൗലാന സാദ് സാബ് തൻ്റെ അനുയായികളെയെല്ലാം നിസാമുദ്ദീൻ മർകസിൽ ഒരുമിച്ചുകൂട്ടിയിട്ട് പറഞ്ഞു: “അവിടെ (റായ്‌വണ്ടിൽ) ഷൂറാ രൂപീകരണമൊന്നും നടന്നിട്ടില്ല പക്ഷേ അവിടെ ഞാൻ അപമാനിക്കപ്പെട്ടു. ഡൽഹിയിൽ നിന്നുള്ള ചില പ്രവർത്തകർ എന്നെ അപമാനിച്ചു, അതുകൊണ്ട് നിങ്ങൾ അവരെയെല്ലാം ബഹിഷ്‌കരിക്കണം.

മൗലാന സാദ് സബ് വളരെ അസ്വസ്ഥനും രോഷാകുലനുമായതിനാൽ ദിവസങ്ങളോളം നിസാമുദ്ദീൻ മർകസിലേക്ക് ഒരു ജമാഅത്തിനെയും അനുവദിച്ചില്ല. നിസാമുദ്ദീൻ മർകസിൻ്റെ ചരിത്രത്തിലെ ആദ്യത്തെ സംഭവമായിരുന്നു ഇത്. നിസാമുദ്ദീൻ മർകസിലേക്ക് ഇപ്പോൾ വരരുതെന്ന് ഡൽഹിക്ക് ചുറ്റുമുള്ള മസ്ജിദുകളിൽ അറിയിപ്പുകൾ നൽകാനും മൗലാന സാദ് സാബ് ഉത്തരവിട്ടു. നവംബർ അവസാനം മുതൽ ഡിസംബർ ആരംഭം വരെ നിസാമുദ്ദീൻ മർകസ് അതിൻ്റെ ഷബ്ഗുസാരി രാത്രിയിൽ പോലും വളരെ നിശബ്ദമായിരുന്നു, വിദേശികൾ മാത്രം പങ്കെടുത്തിരുന്നു.

Source 1: Dr Khalid Siddiqui’s Testimony – Majmoo Khutoot Letter 8

Source 2: Tablighi Headquarters Hadrat Nizamuddin Dehli Kuch Haqaiq Kuch Waqiat (p12)

2015 ഡിസംബർ 6 – മുമ്പ് ശക്തമായി എതിർത്തിരുന്നുവെങ്കിലും, നിസാമുദ്ദീൻ മർകസിൽ മൗലാനാ സാദ് സാബ് സ്വന്തമായി ഒരു ഷൂറ രൂപീകരിച്ചിട്ട് ഒരു മാസം പോലും പിന്നിട്ടില്ല. ഷൂറയിൽ അദ്ദേഹത്തിൻ്റെ മകൻ 22 വയസ്സുള്ള മകൻ മൗലാന യൂസഫ് ബിൻ സാദും ഉൾപ്പെടുന്നു. അവർ: (1) മൗലാന സാദ് സാബ്, (2) മൗലാന ഇബ്രാഹിം സാബ് ദേവ്‌ല, (3) മൗലാനാ യാക്കൂബ് സാബ്, (4) മൗലാന അഹമ്മദ് ലാത്ത് സാബ്, (5) മൗലാന സുഹൈറുൽ ഹസൻ സാബ്, (6) മൗലാനാ യൂസുഫ് ബിൻ സാദ്, (7) മൗലാന അബ്ദുസത്താർ സാബ്, (8) മിയാജി അസ്മത്ത് സാബ് (9) ഡോ അബ്ദുൾ അലിം സാബ് എന്നിവരായിരുന്നു.

Source: Tablighi Headquarters Hadrat Nizamuddin Dehli Kuch Haqaiq Kuch Waqiat, Page 12

2015 ഡിസംബർ – ഈ മാസം മുഴുവനും, മൗലാന സാദ് സാബ് ഒരു മഷ്‌വറയും (കൂടിയാലോചന) ഇല്ലാതെ തന്നെ മർക്കസ്സിൽ അതുവരെ ചുമതല വഹിച്ചിരുന്ന പലരേയും മാറ്റി, അദ്ദേഹം ഇഷ്ടപ്പെട്ടവരെ നിലനിർത്തുകയും. തന്നോട് യോജിക്കാത്തവരെ പിരിച്ചുവിടുകയും ചെയ്തു.

Source: Tablighi Headquarters Hadrat Nizamuddin Dehli Kuch Haqaiq Kuch Waqiat, Page

ഇതിനിടയിൽ മൗലാന സാദ് സബിൻ്റെ അനുയായികൾ അടിസ്ഥാനരഹിതമായ ഒരു അപവാദം കൂടി കെട്ടിച്ചമച്ചു, അതിതായിരുന്നു -“ഗുജറാത്തിലെ ആളുകൾ അഥവാ മൗലാന ഇബ്രാഹിം സാബ് ദേവ്‌ല, മൗലാന അഹമ്മദ് ലാത്ത് സാബ്, തുടങ്ങിയവർ മൗലാന സാദ് സാബിൽ നിന്ന് അധികാരം പിടിച്ചെടുക്കാനും നിസാമുദ്ദീൻ മർകസ്സിൻ്റെ നിയന്ത്രണം ഏറ്റെടുക്കാനും ശ്രമിക്കുന്നു”. ഇത് അപകടകരവും അടിസ്ഥാനരഹിതവുമായ ഒരു അപവാദമായിരുന്നു. അതുവഴി ആദ്യമായി അധികാരം ആഗ്രഹിക്കുന്നു, ഒരു പ്രത്യേക ഗ്രൂപ്പിനെ അനുകൂലിക്കുന്നു തുടങ്ങിയ കാര്യങ്ങൾ മുതിർന്നവരിൽ ആരോപിക്കപ്പെട്ടു.

ഇവിടെ മുതൽ, നുണകളും അപവാദങ്ങളും വളച്ചൊടിച്ച വസ്തുതകളും അക്രമങ്ങളും മൗലാനാ സാദ് സാബിൻ്റെ അനുയായികളുടെ നിരന്തര ശീലമായി മാറി.

Source: Tablighi Markaz Nizamuddin Kuch Haqaiq, Page 13

നിസാമുദ്ദീൻ, രക്തച്ചൊരിച്ചിലിന് ശേഷം

2016 ജൂൺ 19 – 13 റമദാൻ 1437 – നിസാമുദ്ദീൻ മർകസിൽ ആദ്യമായി ഒരു രക്തച്ചൊരിച്ചിൽ സംഭവിച്ചു. നിസാമുദ്ദീൻ മർകസ് ശുദ്ധീകരിക്കാൻ മൗലാനാ സാദ് സാബിൻ്റെൻ്റെ സേവനത്തിലുണ്ടായിരുന്ന ഒരു കൂട്ടം ഗൂഢാലോചനക്കാർ തീരുമാനിച്ചു. വൃത്തിയായി തയ്യാറാക്കിയ പദ്ധതിയിൽ ആദ്യം തന്നെ ഭൂരിഭാഗം വിദേശികളെയും ജമാഅത്തിൽ അയച്ചു. ബാക്കിയുള്ളവരെ താഴെ വരാൻ അനുവദിക്കാതെ തടഞ്ഞു വെച്ചു. മുൻവശത്തെ ഗേറ്റ് ഉള്ളിൽ നിന്ന് പൂട്ടി.

അത് ഇഫ്താറിന് ശേഷമായിരുന്നു (റമദാനിന് ശേഷമുള്ള നോമ്പ് തുറക്കൽ). പൊടുന്നനെ നൂറോളം ഗുണ്ടാസംഘങ്ങൾ നിസാമുദ്ദീൻ മർകസിൽ അതിക്രമിച്ചു കയറി. മൗലാന സാദ് സാബുമായി അംഗീകരിക്കാത്തവരെ ക്രൂരമായി മർദ്ദിച്ചു. മുതിർന്ന പല പ്രവർത്തകരുടെയും മുറികളിൽ സാരമായി നാശമുണ്ടാാക്കി. ഫർണിച്ചറുകൾ പോലും അടിച്ചുടച്ചു.

ഹാഫിസ് അദ്നാൻ സാബിനെ (മൗലാന അഹമ്മദ് മദിയുടെ മകൻ) ക്രൂരമായി മർദിക്കപ്പെട്ടു

മൗലാന സുഹൈർ സാബിന്റെ താമസിച്ചിരുന്ന വീട് ഏകദേശം പതിനഞ്ചോളം വരുന്ന ആളുകളുടെ ഒരു സംഘം അടിച്ചു തകർത്തു. വീടിൻ്റെ വാതിൽ തകർന്ന നിലയിലായിരുന്നു. ഈ ഭയാനകമായ അന്തരീക്ഷത്തിൽ മൗലാനാ സുഹൈറുൽ ഹസൻ സാബിന് അന്നത്തെ തറാവീഹ് നമസ്കാരം നടത്താൻ മസ്ജിദിലേക്ക് പോകാൻ തന്നെ കഴിഞ്ഞില്ല. അദ്ദേഹത്തിൻ്റെ കുടുംബം രാത്രി മുഴുവൻ ഭീതിദത്തമായ അവസ്ഥയിൽ ഭയന്ന് വിറച്ചു കഴിഞ്ഞു കൂടേണ്ടി വന്നു. അന്ന് രാത്രിയിലെ സഹ്‌രിക്ക് (റമദാനിൽ പ്രഭാതത്തിന് മുമ്പുള്ള അത്താഴം) വേണ്ടിയുള്ള ഒരു ക്രമീകരണവും ചെയ്യാൻ കഴിഞ്ഞില്ല.

അക്രമികളിൽ കുറച്ചുപേർ ഒന്നാം നിലയിലെത്തി (മൗലാനാ യാക്കൂബ് സാബിൻ്റെയും മൗലാനാ ഇബ്രാഹിം സാബിൻ്റെയും മുറികൾ ഉണ്ടായിരുന്നിടത്ത്), രണ്ട് മുറികളുടെയും പൂട്ടുകൾ തകർത്ത് ഉള്ളിലുള്ള സാധനങ്ങൾ മോഷ്ടിച്ചു. ഈ മുറികളിലൊന്ന് മൗലാന അഹമ്മദ് ലാട്ട് സാബിൻ്റെ അതിഥികൾ ഉപയോഗിച്ചിരുന്നതായിരുന്നു. മൗലാനാ അഹമ്മദ് ലാട്ട് സാബ് ഈ തുറന്ന കാടത്തം അറിഞ്ഞ ദിവസം തന്നെ അവിടം വിട്ട് സ്വന്തം നാട്ടിലേക്ക് മടങ്ങി.

എങ്ങും ചോരക്കളമായി. നിസാമുദ്ദീൻ മർകസ്സിനുള്ളിൽ നിന്ന് സ്ത്രീകളുടെയും പേടിച്ചരണ്ട കുട്ടികളുടെ നിലവിളികൾ ഉയർന്നു. നിസാമുദ്ദീൻ മർകസിന് പുറത്തുള്ള കടകളെയും ഗുണ്ടാസംഘം വെറുതെ വിട്ടില്ല. ഗുജറാത്തുമായി ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടന്ന് തോന്നിയ കടകളെല്ലാം അടിച്ചു തകർത്തു. ബഹളത്തെ തുടർന്ന് ധാരാളം ആളുകൾ ആശുപത്രിയിൽ അഡ്മിറ്റായി. അതിക്രൂരമായ മർദ്ദനമേറ്റവർ ഗുരുതരാവസ്ഥയിൽ ഐ.സി. യു. വിൽ അഡ്മിറ്റ് ചെയ്തു.

പോലീസ് എത്തി നിസാമുദ്ദീൻ മർകസ് താൽക്കാലികമായി പൂട്ടി. ഇത്രയൊക്കെ ആയിട്ടും ആക്രമണകാരികൾക്കെതിരെ മൗലാന സാദ് സാബ് കാര്യമായി ഒന്നും ചെയ്യാൻ തയ്യാറായില്ല. പകരം താനുമായി പൊരുത്തപ്പെടാത്ത നാട്ടുകാരെക്കുറിച്ച് അദ്ദേഹം പോലീസിൽ പരാതിപ്പെടുകയാണ് ഉണ്ടായത്. ഇരകൾക്ക് നീതി നൽകട്ടെ എന്ന മട്ടിൽ അക്രമത്തെ കുറിച്ച് അദ്ദേഹം നൽകിയ വിശദീകരണം ഒരു കാര്യവുമായും ഒരുതരത്തിലും പൊരുത്തപ്പെടുന്നതായിരുന്നില്ല.

ഈ ദിവസം, അതുവരെ നിസാമുദ്ദീൻ മറർക്കസ്സിൽ നിലനിന്നിരുന്ന നീതി, മുസ്ലീം സഹോദരങ്ങളെ ആദരിക്കൽ, സഹാനുഭൂതി, സ്നേഹം തുടങ്ങിയ ഗുണങ്ങൾ പാടേ നശിപ്പിക്കപ്പെട്ടു.

Source: Tablighi Headquarters Hadrat Nizamuddin Dehli Kuch Haqaiq Kuch Waqiat, page

ആദ്യത്തെ രക്തച്ചൊരിച്ചിൽ: നമ്മുടെ മുതിർന്നവർ നിസാമുദ്ദീൻ ഉപേക്ഷിച്ച ദിവസം.

2016 ജൂൺ 20 – പ്രാദേശിക പത്രമാധ്യമങ്ങൾ ‘നിസാമുദ്ദീനിലെ രക്തച്ചൊരിച്ചിൽ’ എന്ന തലക്കെട്ടാൽ തൽക്ഷണം നിറഞ്ഞു.

സംഭവത്തെക്കുറിച്ച് ഓഡിയോ പ്രസ്താവന നടത്തിയ മൗലാന ഉബൈദില്ല ബെല്യവിയുടെ കുടുംബാംഗമാണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. നിസാമുദ്ദീൻ മർകസിൻ്റെ പവിത്രത ഒരു വ്യക്തിയുടെ അതിമോഹവും പ്രതികാരവും കാരണം തകർന്നു.

മുഫ്തി അബുൽ ഖാസിം നുമാനി സാബ്, മൗലാന സലിമുല്ലാ ഖാൻ സാബ് എന്നിവരുൾപ്പെടെ നിരവധി മുതിർന്ന പണ്ഡിതന്മാർ മൗലാനാ സാദ് സാബിനോട് ഈ വിഷയത്തെ കുറിച്ച് സംസാരിക്കാൻ ശ്രമിച്ചു. മൗലാനാ അർഷാദ് മദനി സാബിന് (ദാറുൽ ഉലൂം ദയൂബന്ദിലെ അറിയപ്പെടുന്ന മുതിർന്ന മുഫ്തി) പോലും ഈ പ്രശ്നം പരിഹരിക്കാൻ മൗലാന സാദ് സാബിനെ കാണാൻ റമദാനിലെ അവസാന പത്ത് ദിവസങ്ങളിലെ തൻ്റെ ഇഅ്ത്തിക്കാഫ് ഉപേക്ഷിക്കേണ്ടി വന്നു. പക്ഷേ എല്ലാ ഉപദേശങ്ങളും മൗലാനാ സാദ് സാബ് നിർദ്ദയം തള്ളി കളഞ്ഞു. സർവ്വരും കടുത്ത നിരാശയോടെ മടങ്ങി. മൗലാന അർഷാദ് മദനി തന്നെ, ലഭ്യമായ ഒരു ഓഡിയോ റെക്കോർഡിംഗിൽ ഇങ്ങനെ പറഞ്ഞു, “മൗലാനാ സാദ് സാബിന് വേണ്ട വിധത്തിൽ ശരിയായ തർബിയ്യത്ത് (നല്ല സ്വഭാവ സംസ്കരണം) ലഭിച്ചിട്ടില്ല എന്നത് വളരെ വ്യക്തമാണ്.”

Source 1: Tablighi Headquarters Hadrat Nizamuddin Dehli Kuch Haqaiq Kuch Waqiat, page 13,14.

Source 2: Maulana Arshad Madani Audio at 5:26 “Maulana Saad did not get proper Tarbiyyah”

2016 ജൂലൈ 17 – എല്ലാ ഉപദേശങ്ങളും മൗലാന സാദ് സാബ് അവഗണിച്ചതിനാൽ, ചില മുതിർന്ന പ്രവർത്തകർ മൗലാന സാദ് സാബിന് ഒരു കത്തെഴുതി. കത്തിലെ ഉള്ളടക്കം ഇതാണ്:

“കഴിഞ്ഞ ഒരു നൂറ്റാണ്ടോളമായി കാത്തുസൂക്ഷിച്ചുപോരുന്ന നിസാമുദ്ദീൻ മർക്കസ്സിൻ്റെ വിശുദ്ധി സമീപകാല സംഭവത്തെ തുടർന്ന് നശിച്ചു. ഈ സംഭവത്തെ “നേതൃത്വ-സ്ഥാന സംഘർഷമാണെന്ന്” തെറ്റായി വ്യാഖ്യാനിച്ചിരിക്കുന്നു, വാസ്തവത്തിൽ ഇത് പരിശ്രമത്തിൽ മഷൂറയില്ലാതെ ഒരു വ്യക്തി സ്വന്തമായി കൊണ്ടുവന്ന പുതിയ പുതിയ കൂട്ടിച്ചേർക്കലുകൾക്കെതിരിൽ, കാലങ്ങളായി നടന്നു വന്നിരുന്ന, തബ്‌ലീഗിൻ്റെ ശരിയായ പ്രവർത്തന രീതി മാറ്റമില്ലാതെ നിലനിർത്താനുള്ള ശ്രമമാണ്. വളരെ കാലമായി ഞങ്ങൾ ഈ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു, എന്നാൽ ഇപ്പോൾ നിങ്ങളുടെ അനുയായികൾ ഈ വിഷയം അക്രമപരമായി കൈകാര്യം ചെയ്യുകയാണ്. മാത്രമല്ല താങ്കളെ അംഗികരിക്കാത്ത ആരെയും ശാരീരികമായി ആക്രമിക്കാൻ സുസജ്ജരായ ഒരു സംഘം ഗുണ്ടകളുടെ കൈയ്യിൽ ഇതിനെ ഏല്പിച്ചു വിട്ടിരിക്കുകയാണ്. മൗലാനാ യൂസുഫ് (റഹ്)യുടെയും മൗലാനാ ഇനാമുൽ ഹസൻ (റഹ്)യുടെയും കാലം മുതലേ ഈ പ്രവർത്തനത്തിൽ സജീവമായിരിക്കുന്ന ഈ മുതിർന്ന പ്രവർത്തകർ താങ്കളോട് ആവശ്യപ്പെടുന്നത് – ഒരു അംഗീകൃത ഷൂറാസംവിധാനത്തിന്റെ സംരക്ഷണം ഉറപ്പാക്കി, അതുവഴി പുതിയ കാര്യങ്ങൾ കൂട്ടിച്ചേർക്കുന്നതിൽ നിന്നും പരിശുദ്ധ ദീനിന്റെ പരിശ്രമത്തിനെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തിനു വേണ്ടിയാണ്. എന്നാൽ നിങ്ങളുടെ അനുയായികൾ ശ്രമിക്കുന്നത് താങ്കളുടെ സമ്പൂർണ്ണവും നിരുപാധികവുമായ സ്വയംസ്ഥാപിത നേതൃത്വം മറ്റുള്ളവരിൽ ബലമായി അടിച്ചേൽപ്പിക്കാൻ വേണ്ടിയാണ്.

“ഒരൊറ്റ അമീറിൻ്റെ കീഴിൽ ഈ പരിശ്രമം തുടർന്നു പോകുന്നതിൽ മൗലാന ഇല്യാസ് (റഹ്) പലപ്പോഴും അസ്വസ്ഥനായിരുന്നു. ആരും കുറവുകളിൽ നിന്ന് മുക്തരല്ല, കാലക്രമേണ ഈ കുറവുകൾ വർദ്ധിച്ചേക്കാം. മൗലാന ഇല്യാസ് (റഹ്) നിർദ്ദേശിച്ചതുപോലെ നിലവിലെ പ്രശ്നത്തിനുള്ള പരിഹാരം ഒരു പ്രത്യേക ജമാഅത്തിൻ്റെ (സംഘം) സംരക്ഷണം പരിശ്രമത്തിന് മേൽ ഉണ്ടായിരിക്കുക എന്നതാണ്. അതുവഴി അതിൻ്റെ മാർഗനിർദേശവും മേൽനോട്ടവും തുടരും. ഇതാണ് ഞങ്ങളുടേയും വിദേശത്തുള്ള മുതിർന്ന പ്രവർത്തകരുടെയും നിലപാട്. താങ്കൾ കൂട്ടിച്ചേർത്ത പുതിയകാര്യങ്ങൾ ഒരിക്കലും അംഗീകരിക്കപ്പെട്ടിട്ടില്ല. അല്ലെങ്കിൽ കഴിഞ്ഞു പോയ മൂന്ന് ഹസ്രജി(അമീർ) മാരുടെ കാലഘട്ടങ്ങളിൽ അവ ഉണ്ടായിരുന്നില്ല. ഈ പ്രശ്നം ഇതിനകം തന്നെ പരിശ്രമത്തിൽ ഭിന്നതയ്ക്ക് കാരണമാകുകയും ഞങ്ങൾ ഇത് താങ്കളുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മൗലാനാ ഇല്യാസ് (റഹ്) മുൻകൂറായി നൽകിയ മുന്നറിയിപ്പിൽ നിന്ന് അല്ലാഹു നമ്മെയെല്ലാം കാത്തുരക്ഷിക്കട്ടെ: ‘ഈ പരിശ്രമത്തിൻ്റെ ഉസൂൽ (പറയപ്പെട്ട രീതി) ലംഘിക്കപ്പെട്ടാൽ, നൂറ്റാണ്ടുകൾ കൊണ്ടുണ്ടാവുന്ന ഫിത്നകൾ ദിവസങ്ങൾക്കുള്ളിൽ ഉണ്ടാവും. അതിൻ്റെ ലക്ഷണങ്ങൾ ഇപ്പോൾ തന്നെ ദൃശ്യമാണ്.

രണ്ടാമതായി, മദ്ഹബിനും (സ്കൂൾ ഓഫ് തോട്ട്), ഇജ്മാഇനും (ഭൂരിപക്ഷ പണ്ഡിതരുടെ അഭിപ്രായ സമന്വയം) വിരുദ്ധമായ പ്രസ്താവനകൾ താങ്കളുടെ സംസാരങ്ങളിൽ നിരന്തരം ഉണ്ടാവുന്നുണ്ട്. ഈ തെറ്റായ പ്രസ്താവനകൾ നിങ്ങളുടെ അനുയായികൾ ഏറ്റെടുക്കുകയും അനുകരിക്കുകയും അവരുടെ സംസാരങ്ങളിൽ ഉപയോഗിക്കുകയും ചെയ്യുന്നു. ഇതു കാരണം ഈ പരിശ്രമം ഏതു ദിശയിലേക്കാണ് നീങ്ങുന്നത് എന്ന കാര്യത്തിൽ ഉലമാക്കൾ ഏറെ ആശങ്കാകുലരാണ്. മദ്രസാ സ്ഥാപനങ്ങളെയും ചില വ്യക്തിത്വങ്ങളെയും നിങ്ങൾ വിമർശിക്കുന്നു. മറ്റുള്ളവരെ വിമർശിക്കുന്നതും താഴ്ത്തിക്കെട്ടുന്നതും നിഷേധാത്മകമായി താരതമ്യപ്പെടുത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കണമെന്ന് നമ്മുടെ മുതിർന്നവർ എപ്പോഴും ഉപദേശിക്കാറുള്ളതാണ്, ഇത്തരം സൂക്ഷമതയുടെ പേരിലാണ് ഈ പരിശ്രമരീതി എല്ലാവർക്കും സ്വീകാര്യമായി തീരുന്നത്.

മൗലാന ഇല്യാസ് (റഹ്) യിലൂടെ അല്ലാഹു തഅ്ലാ ദഅ്‌വത്തിൻ്റെ പരിശ്രമത്തെ പുനരുജ്ജീവിപ്പിച്ചു; ഖുർആനിൻ്റെയും ഹദീസിൻ്റെയും സ്വഹാബത്തിൻ്റെ ജീവിതത്തിൻ്റെയും വെളിച്ചത്തിൽ മൗലാനാ യൂസുഫ് (റഹ്)യിലൂടെ ഈ ശ്രമത്തെ വിശദീകരിച്ചു; മൗലാന ഇനാമുൽ ഹസ്സൻ (റഹ്)യിലൂടെ ഈ പരിശ്രമം ലോകം മുഴുവൻ എത്തുകയും അതിന്റെ തനതായ മാതൃക സംരക്ഷിക്കുകയും ചെയ്തു. അഥവാ ഈ പരിശ്രമത്തിൻ്റെ പ്രവർത്തന രീതിയിൽ എന്തെങ്കിലും മാറ്റം ആവശ്യമാണെന്ന് തോന്നുകയാണെങ്കിൽ, മൂന്ന് രാജ്യങ്ങളിലും (ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്) നിന്നുമുള്ള ഒരു ഷൂറയുടെ ഐക്യകണ്ഠമായ തീരുമാനത്തിലൂടെ മാറ്റം വരുത്താം.

ജീവിതാവസാനത്തിലാണ് ഞങ്ങളുള്ളത്, പരിശ്രത്തിൻ്റെ നിലവിലെ നിസാമുദ്ദീനിലെ വ്യവസ്ഥകളോട് ഞങ്ങൾ യോജിക്കുന്നില്ലെന്ന് പ്രസ്താവിക്കാൻ ആഗ്രഹിക്കുന്നു . അതുകൊണ്ട് ഞങ്ങൾ ഇനി ത്രൈമാസ മഷൂറകളിൽ പങ്കെടുക്കുന്നതല്ല. ഈ പരിശ്രമം ഒരു ശൂറയുടെ മേൽനോട്ടത്തിൽ നടത്തേണ്ടതുണ്ട്, അല്ലാത്തപക്ഷം പരിചയസമ്പന്നരായ പഴയ മുതിർന്നവരെ നിങ്ങൾക്ക് നഷ്‌ടപ്പെടും, അവർ നിങ്ങൾ ഈ പരിശ്രമത്തിൽ കൂട്ടിച്ചേർക്കുന്ന പുതിയ രീതികളോട് യോജിക്കാത്തവരാണ്.

തബ്‌ലീഗ് നമ്മുടെ ജീവിതലക്ഷ്യവും നിസാമുദ്ദീൻ മർക്കസ്സ് നമ്മുടെ നാടുമാണ്. കാര്യങ്ങൾ മെച്ചപ്പെട്ടാൽ, ഇൻഷാ അല്ലാഹ്, ഞങ്ങൾ ഉടൻ തന്നെ നിസാമുദ്ദീനിലേക്ക് മടങ്ങും. ഇന്ന്, ലോകമെമ്പാടുമുള്ളദീനിൻ്റെ പരിശ്രമം ചെയ്യുന്നവർ ശരിയായ പരിശ്രമം ചെയ്യുന്നതിനുപകരം നിസാമുദ്ദീനിൽ എന്താണ് സംഭവിക്കുന്നതെന്ന് സംസാരിക്കുന്ന തിരക്കിലാണ്. ഓരോ മഷൂറയും നിസാമുദ്ദീനെക്കുറിച്ചാണ്. അല്ലാഹു തഅ്ലാ നമ്മൂടെ ഹൃദയത്തിൽ നിന്ന് വ്യഥകൾ നീക്കി ദീനിൻ്റെ ശരിയായ ഫിക്റിലേക്ക് (ചിന്ത) തിരികെ എത്തിക്കട്ടെ. ആമീൻ.

ഒപ്പിട്ടത്: മൗലാന ഇസ്മായിൽ സാബ് ഗോദ്ര, മൗലാന അബ്ദുറഹ്മാൻ സാബ് മുംബൈ, മൗലാന ഉസ്മാൻ കക്കോസി, ഹാജി ഫാറൂഖ് അഹ്മദ് സാബ് ബാംഗ്ലൂർ, മുഹ്‌സിൻ ഓട്ടോമാൻ സാബ് ലുക്‌നൗ, പ്രൊഫ സനാഉല്ലാ ഖാൻ സാബ് അലിഗർ, പ്രൊഫ അബ്ദുറഹ്മാൻ സാബ് മദ്രാസ്.

Source: Majmoo Khutoot, Letter Number 14, Page 93

2016 ജൂലൈ 18 – താൻ തബ്‌ലീഗിൻ്റെ പുതിയ അമീറാകാൻ ആഗ്രഹിക്കുന്നു എന്ന അടിസ്ഥാനരഹിതമായ അപവാദവും അധിക്ഷേപവും കാരണം, മൗലാന സുഹൈറുൽ ഹസൻ സാബ് ഒരു കത്ത് എഴുതി:

“ഞാൻ ഒരിക്കലും ഒരു അമീറാകാൻ ആഗ്രഹിച്ചിട്ടില്ലെന്നും അത് ആവശ്യപ്പെട്ടിട്ടില്ലെന്നും താഴ്മയോടെ പറയാൻ ഞാൻ ആഗ്രഹിക്കുന്നു. പരേതനായ എൻ്റെ പിതാവ് മൗലാനാ സുബൈറുൽ ഹസൻ (റഹ്) തൻ്റെ ജീവിതത്തിലുടനീളം, ഒരിക്കലും ഇമാറത്ത് ആഗ്രഹിക്കുകയോ അവകാശപ്പെടുകയോ ചെയ്തിട്ടില്ലെങ്കിൽ എനിക്ക് എങ്ങനെ അത് പറയാൻ കഴിയും? അദ്ദേഹം എപ്പോഴും സ്വന്തം നാട്ടിലേയും പുറത്തേയും(ആലമീ) മഷ്‌വറകളെ അനുസരിക്കുകയാണ് ഇതുവരെ ചെയ്തത്. അതുപോലെ, ഇമാറത്ത് (നേതൃത്വം) അവകാശപ്പെടാൻ ഞാൻ എങ്ങനെ ധൈര്യപ്പെടും?”

Source: Ahwal Wa Atsar, Page 77

കാലക്രമേണ, തബ്‌ലീഗിൻ്റെ അമീറാകാനുള്ള ആഗ്രഹം മൗലാന സാദ് സാബിൽ നിന്ന് മാത്രമാണെന്ന് കൂടുതൽ വ്യക്തമായി. അല്ലാഹുവിൻ്റെ ഹിതത്താൽ, ഈ ദുഷിച്ച അപവാദത്തിൽ നിന്ന് മൗലാനാ സുഹൈറിൻ്റെ നല്ല പേര് ശുദ്ധീകരിക്കപ്പെട്ടു.

https://tablighi-jamaat.com/en/ahwal-wa-atsar-maulana-zubair-kandhlawi/#78

2016 ഓഗസ്റ്റ് 12 – തൻ്റെ സഹപ്രവർത്തകരെല്ലാം പോയെങ്കിലും, നിസാമുദ്ദീൻ മർകസിൽ നിന്ന് ദഅ്‌വത്തിൻ്റെ പരിശ്രമം സംരക്ഷിക്കാനാകുമെന്ന് മൗലാന ഇബ്രാഹിം സാബ് ദേവ്‌ല പ്രതീക്ഷിച്ചു.

എന്നിരുന്നാലും, മൗലാന സാദ് സാബിൻ്റെ സ്വപക്ഷാന്ധരായ അനുയായികളിൽ നിന്ന് മൗലാന ഇബ്രാഹീം സാബിന് പലപ്പോഴും ഭീഷണികൾ വന്നുകൊണ്ടിരുന്നു. അവർ മൗലാനയോട് ഇടയ്ക്കിടെ പറയുമായിരുന്നു; “മൗലാനാ, ഇത് നിങ്ങളുടെ വീടല്ല എന്ന് തോന്നുന്നുവെങ്കിൽ ഇവിടെ നിന്നും പൊയ്ക്കൊള്ളൂ”

ഒടുവിൽ മൗലാനാ ഇബ്രാഹിം സാബ് നിസാമുദ്ദീൻ മർകസ് വിടാൻ തീരുമാനിച്ചു. മൗലാനാ സാദ് സാബിൻ്റെ അനുയായികൾ മൗലാന ഇബ്രാഹീം സാബിനെ നിശബ്ദമായി പുറത്താക്കാനും നിസാമുദ്ദീനിലെ സംഭവങ്ങൾ പുറത്തു പറയാതിരിക്കാനും ഭീഷണിപ്പെടുത്തിയിരുന്നു. അസുഖത്തെ തുടർന്നാണ് മൗലാനാ ഇബ്രാഹിം സാബ് നിസാമുദ്ദീൻ മർക്കസ്സ് വിട്ടതെന്ന ഒരു കിംവദന്തിയും അവർ കെട്ടിച്ചമച്ചു.

Source: Tablighi Headquarters Hadrat Nizamuddin Dehli Kuch Haqaiq Kuch Waqiat, Page 14

2016 ഓഗസ്റ്റ് 15മൗലാന ഇബ്രാഹിം സാബ് ദേവ്‌ല നിസാമുദ്ദീനിൽ നിന്ന് പോയത് എന്തുകൊണ്ടാണെന്ന വ്യാജവാർത്തകൾ പ്രചരിക്കാൻ തുടങ്ങി. മൗലാന ഇബ്രാഹിം സാബ് ദേവ്‌ല എല്ലാ പ്രവർത്തകർക്കും വേണ്ടി ഒരു കത്ത് എഴുതി. എന്തുകൊണ്ടാണ് താൻ നിസാമുദ്ദീനെ ഉപേക്ഷിച്ചതെന്ന അഭ്യൂഹങ്ങളെല്ലാം അദ്ദേഹം നിഷേധിച്ചു.

Source: Maulana Ibrahim Dewla’s Letter

2016 ഓഗസ്റ്റ് 27 – നിസാമുദ്ദീനിലെ ഏറ്റവും മുതിർന്ന പ്രവർത്തകനും മൗലാനാ സാദ സാബിന്റെയും അദ്ദേഹത്തിന്റെ പിതാവ് മൗലാന ഹാറൂണിൻ്റെയും ഉസ്താദുമായ മൗലാനാ യാക്കൂബ് സാബ് ഒടുവിൽ മൗലാനാ സാദിനെ താക്കീത് ചെയ്തു കൊണ്ട് ഒരു കത്ത് എഴുതി.

Source: Maulana Yaqub’s Letter

2016 ഒക്ടോബർ 13 – സൗദി അറേബ്യയിലെ മുതിർന്ന പ്രവർത്തകർ ശൈഖ് ഗസ്സന്റേയും(മദീന) ഷെയ്ഖ് ഫാദിലിന്റേയും(മക്ക) നേതൃത്വത്തിൽ മുൻകൂട്ടി തീരുമാനിച്ച പ്രകാരം മൗലാന സാദ സാബിനെ കാണാൻ വന്നു . മൗലാന സാദ് സാബും മുതിർന്ന പ്രവർത്തകരും തമ്മിലുള്ള ചർച്ചയ്ക്ക് മധ്യസ്ഥത വഹിക്കാനും അവരുടെ ഇടയിലെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാനും അവർ ആഗ്രഹിച്ചു. ഈ ആഹ്വാനത്തെ തുടർന്ന് ഇന്ത്യയുടെ നാനാഭാഗത്തുനിന്നും പഴയ പ്രവർത്തകർ എത്തി.

എന്നാൽ മുതിർന്നവരെ കാണാൻ മൗലാന സാദ് സാബ് വിസമ്മതിച്ചു. പകരം, അദ്ദേഹം മധ്യസ്ഥത വഹിക്കാൻ എത്തിയ അറബികളായ പ്രവർത്തകരെ ഭീഷണിപ്പെടുത്തുന്ന ഒരു പരാമർശം നടത്തി: “അവർ എപ്പോഴെങ്കിലും വിഷയത്തെക്കുറിച്ച് വായ തുറന്നാൽ, ഞാൻ അസ്വസ്ഥനാകും, എൻ്റെ ശബ്ദം ഉച്ചത്തിലാകും. അങ്ങനെ സംഭവിച്ചാൽ ഒരു മണിക്കൂറിനുള്ളിൽ ഈ മർകസ് മേവാത്തികളെക്കൊണ്ട് നിറയും. പിന്നെ അവർക്ക് എൻ്റെ മുറിയിൽ നിന്ന് പുറത്തുപോകാൻ കഴിയുകയില്ല, മർകസ്സിൽ നിന്ന് പോലും പുറത്തുപോകാൻ കഴിയുകയില്ല!

തൊട്ടടുത്ത അടുത്ത ദിവസം, തീവ്രവാദികളെക്കുറിച്ചുള്ള പരാതികൾ ലഭിച്ചെന്ന് പറഞ്ഞ് പോലീസ് അറബികളെ സന്ദർശിച്ചു. അവർ ഞെട്ടിപ്പോയി!

അങ്ങനെ കൂടിക്കാഴ്ച നടക്കാതെ അറബികളായ പ്രവർത്തകരും മുൻ നിസാമുദ്ദീനിലെ മുതിർന്ന പ്രവർത്തകരും സങ്കടത്തോടെ തിരികെ പോയി.

Source: Sheikh Ghassan Madinah & Sheikh Fazil Makkah’s Letter

2016 നവംബർ 13 – റെയ്‌വണ്ട് ഇജ്തെമ, പാകിസ്ഥാൻ. ദീനിന്റെ പരിശ്രമാവുമായി ബന്ധപ്പെട്ട നിലവിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നിരവധി തവണ അഭ്യർത്ഥിച്ചിട്ടും, മൗലാന സാദ് സാബ് റായ്‌വണ്ട് ഇജ്‌തെമയിൽ പങ്കെടുക്കാൻ വിസമ്മതിച്ചു. അദ്ദേഹമൊഴികെ എല്ലാ മുതിർന്ന മുതിർന്നവരും റായ്‌വണ്ട് സമ്മേളനത്തിൽ എത്തിച്ചേർന്നു.

നിസാമുദ്ദീൻ, കക്രയിൽ, റായ്‌വണ്ട് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ സാന്നിധ്യത്തിൽ ഹാജി അബ്ദുൾ വഹാബ് സാബ് പറഞ്ഞു.

“ഇമാറത്ത് നടക്കില്ല. എന്ത് നടക്കണം എന്നതിനെക്കുറിച്ചാണ് ധാരണയായത് (1995 ലെ കരാറിനെ പരാമർശിച്ച്). ഇന്നലെ നിസാമുദ്ദീനിലെ ആളുകൾ വന്നു ഞാൻ അവരോട് സംസാരിച്ചു. “ഞാനാണ് അമീർ”, “ഞാൻ വല്യആളാണ്”, എല്ലാവരും എന്നെ ബൈഅത്ത് ചെയ്യണം, ഇങ്ങനെയാണ് സഅ്ദിൻ്റെ ആഗ്രഹം, അങ്ങനെയെങ്കിൽ ഒരു വണ്ടിയും ഓടുകയില്ല (അത് സംഭവിക്കുകയില്ലെന്ന സൂചന). എന്താണോ തീരുമാനിക്കപ്പെട്ടത് അതാണ് നടക്കുക എന്ന് നിസാമുദ്ദീനിലെ ആളുകളോട് ഞാൻ പറഞ്ഞിട്ടുണ്ട്. നിസാമുദ്ദീനിലെ മഷ്‌വറയുടെ അംഗങ്ങൾ എൻ്റെ അടുത്ത് വന്നു, അവരുമായി ചർച്ച ചെയ്തു, ഞാൻ അവരോട് യോജിക്കുന്നു. മുമ്പും വിവിധ രാജ്യങ്ങളിൽ നിന്ന് വിഷയങ്ങൾ ഉണ്ടായിട്ടുണ്ട്, അപ്പോൾ മൗലാനാ യൂസഫ് (റഹ്)പറഞ്ഞു, എൻ്റെ ശൂറാ അംഗങ്ങൾ ഇപ്പോൾ ഇവിടെയില്ല, ചിലർ മക്കയിലും ചിലർ പാകിസ്ഥാനിലുമാണ്. എല്ലാവരും ഒത്തുകൂടിയ ശേഷമേ തീരുമാനമാകൂ.

“മൗലാനാ ഇനാമുൽ ഹസൻ (റഹ്) യുടെ വിയോഗത്തിനു ശേഷം ഞങ്ങൾ ഒരു മഷ്‌വറയിൽ ഇരുന്നു. അവിടെ “എന്നെ അമീറായി നിയമിച്ചാൽ, മൗലാന സുബൈറിനെ അമീറായി കാണാൻ ആഗ്രഹിക്കുന്നവർ ഈ പരിശ്രമത്തിൽ നിന്ന് വിട്ടുപോയേക്കുമെന്ന് സഅദ് ആണ് പറഞ്ഞത്. മൗലാനാ സുബൈറിനെ അമീറാക്കിയാൽ എന്നെ വേണ്ടവർ ഈ പരിശ്രമത്തിൽ നിന്ന് വിട്ടുപോയേക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ ഈ പരിശ്രമം ഒരു മഷൂറയിലൂടെയാണ് മുന്നോട്ട് പോകേണ്ടത് എന്നും ബയ്അത്ത് അവിടെ നടക്കില്ല എന്നും പറഞ്ഞു. ഈ കാര്യം എല്ലാവരും സമ്മതിച്ചതാണ്. നിനക്ക് മനസ്സിലാകുന്നുണ്ടോ? വലുതായി അഭിനയിക്കുന്നത് നിർത്തുക, ബയ്അത്ത് എടുക്കുന്നത് നിർത്തുക. അദ്ദേഹം (വ്യാഖ്യാതാവ് ഹാജി അബ്ദുൾ വഹാബ് സാബിനെ പരാമർശിച്ച്) അവരോട് പറഞ്ഞു, “നിങ്ങൾ എല്ലാവരും (നിസാമുദ്ദീനിലെ ആളുകൾ) നിസാമുദ്ദീനിലേക്ക് (തിരികെ) പോകണം, അവിടെ അല്ലാഹു സുബ്ഹാനഹു വ തഅ്ലയോട് ദുആ ചെയ്യണം. നിങ്ങൾ അവിടെ എത്തുമ്പോൾ, അത് എന്തായിരുന്നാലും. മഷൂറയിൽ തീരുമാനിച്ചതാണ്, അത് തുടരുക. ഒപ്പം ദുആ ചെയ്യുന്നതും തുടരുക. യാ അല്ലാഹ്, മനുഷ്യരാശി മുഴുവൻ എൻ്റെ മുന്നിൽ ഉണ്ട്, ഞാൻ എന്താണ് ചെയ്യേണ്ടത് അതെൻ്റെ ഹൃദയത്തിൽ തോന്നിയ്ക്കണേ!”

Source: Haji Abdul Wahab’s Statement (Audio Recording)

2016 നവംബർദാറുൽ ഉലൂം ദയൂബന്ദിൽ നിന്നും മൗലാന സാദ സാബിനെ താക്കീത് ചെയ്തു കൊണ്ട് ഒരു കത്ത് അയച്ചു. ഫത്‌വ പുറത്തിറക്കുന്നതിന് മുമ്പ് അദ്ദേഹത്തിന് അവസരം നൽകുകയും അദ്ദേഹത്തിൻ്റെ പേരും ബഹുമാനവും സംരക്ഷിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് ന്യായമാണെന്ന് അവർക്ക് തോന്നി.

Source: Maulana Saad’s Rujoo (Inkishaf HaqeeqatDa’wah and Tabligh Crisis)

2016 നവംബർ 30 – മൗലാന സാദ് സാബ് ദാറുൽ ഉലൂം ദയൂബന്ദിന് റുജൂഅ് (ചെയ്ത തെറ്റിൽ നിർവ്യാജം ഖേദിച്ചു മടങ്ങുക) ഉദ്ദ്യേശിച്ച് ഔദ്യോഗികമായി ഒരു കത്ത് അയച്ചു. എന്നാൽ സ്വന്തം തെറ്റുകൾ സംരക്ഷിക്കാനുള്ള ശ്രമമായിയിരുന്നു അതിൻ്റെ ഉള്ളടക്കമെന്നതിനാൽ, ദാറുൽ ഉലൂം ദയൂബന്ദിനു മുമ്പിൽ ആ കത്ത് തൃപ്തികരമായില്ല. തുടർന്ന് ദയൂബന്ദിന് തന്നോട് മോശമായ സമീപനമാണെന്നും, അവർ ദഅ്‌വത്തു തബ്‌ലീഗിൻ്റെ പരിശ്രമത്തിനും എതിരാണെന്നും മൗലാനാ സാദ് സാബ് ആരോപിച്ചു.

ഒരു അന്താരാഷ്‌ട്ര അക്കാദമിക് കേന്ദ്രത്തിൻ്റെ ഉത്തരവാദിത്തമുള്ള നിങ്ങളെപ്പോലുള്ള പ്രധാനപ്പെട്ട ആളുകൾക്ക് ഉണ്ടാകുന്ന ദുഷിച്ച ചിന്തകൾ വളരെ നിരാശാജനകമായ കാര്യമായി ഈ എളിയവൻ കരുതുന്നു. ഈ എളിയവൻ്റെയും കൂടെയുള്ളവരുടെയും ആദർശങ്ങളെയും സ്ഥാനത്തേയും രീതികളെയും സംബന്ധിച്ച നിങ്ങളുടെ ഈ ദുഷിച്ച ചിന്തകൾ കാരണം നിങ്ങൾ ദഅ്‌വത്തുതബ്‌ലീഗിൻ്റെയും അതിൻ്റെ മർകസ്സിൻ്റെയും അനുഗ്രഹീതമായ പരിശ്രമത്തോട് നിസ്സഹകരണം കാണിക്കുകയാണ്.

മൗലാന സാദ സാബിന്റെ ആദ്യത്തെ റുജൂഇന്റെ കത്ത്, നവംബർ 30

Source: Maulana Saad’s First Rujoo

2016 ഡിസംബർ 6 – മൗലാന സാദിൻ്റെ ആദ്യ റുജൂഇന്റെ കത്ത് ദാറുൽ ഉലൂം ദയൂബന്ദിന് അംഗീകരിക്കാൻ കഴിഞ്ഞില്ല, മൗലാന സാദ് സാബിനെതിരായ അവരുടെ ആദ്യ ഫത്‌വ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു.

Source: Darul Ulooms Deoband’s First Fatwa on M SaadMaulana Saad’s Rujoo

2016 ഡിസംബർ 11 – ദാറുൽ ഉലൂം ദയൂബന്ദുമായി തെറ്റ് തിരുത്താൻ മൗലാന സാദ് സാബ് രണ്ടാമത്തെ റുജൂഇന്റെ കത്ത് അയച്ചു. ഇതിൽ തൃപ്തരായ ദാറുൽ ഉലൂം രണ്ട് ദിവസത്തിന് ശേഷം മൗലാനാ സാദ് സാബിനെ കാണാൻ ഒരു പ്രതിനിധി സംഘത്തെ അയച്ചു.

അല്ലാഹുവിൻ്റെ ഹിതപ്രകാരം, മൗലാന സാദ് സാബിനെ കാണാൻ ദാറുൽ ഉലൂം ദയൂബന്ദിൻ്റെ പ്രതിനിധി സംഘം യാത്രയിലായിരിക്കെ തന്നെ, അന്നത്തെ സുബ്ഹി നമസ്കാരത്തിനു ശേഷമുള്ള പൊതുസംസാരത്തിൽ മൗലാനാ സാദ് സാബ് മൂസാ നബി(അ)യെ കുറിച്ചുള്ള തൻ്റെ തെറ്റായ പ്രസ്താവനകൾ ആവർത്തിക്കുന്നതിൻ്റെ ഞെട്ടിക്കുന്ന തെളിവുകൾ (ഓഡിയോ സഹിതം) ദയൂബന്ദിനു ലഭിച്ചു.! അവർ പ്രതിനിധി സംഘത്തെ തിരികെ വിളിച്ചു.

Source: Maulana Saad’s Second Rujoo

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Facebook Facebook